Monday, August 10, 2020

raajavinne snehicha daasi pennu - last part

 രാജാവിനെ സ്നേഹിച്ച ദാസിപ്പെണ്ണു - അവസാന ഭാഗം ..


അന്ന് തന്നെ വിളംബരം ചെയാനുള്ള തയ്‌യാറെടുപ്പുകൾ നടത്തി.. രാജ്യത്തിന്റെ നാനാദിക്കിലേക്കും ആൾക്കാരെ അയച്ചു... പരമാവധി  എത്രയും വേഗത്തിലും ദൂരത്തിലും ഇത് ജനങ്ങളെ അറിയിക്കണം... 

രാജാവിനു പകർച്ചവ്യാധി പിടിപെട്ടിരിക്കുന്നു...  ഈ ദുർഘടസന്ധിയിൽ അവിടുത്തെ കൂടെ നിന്ന് പരിചരിക്കാൻ ഇത്ര മുതൽ ഇത്ര വരെ  പ്രായത്തിൽ പെടുന്ന സ്ത്രീഗണങ്ങളേ അടിയന്തരമായീ ആവശ്യം ഉണ്ട്..  ഈ വിളംബരം അറിയുന്ന പക്ഷം എത്രയും വേഗം  രാജകൊട്ടാരത്തിൽ എത്തിച്ചേരേണ്ടതാണ് ... ഇതായിരുന്നു അതിന്റെ സാരാംശം ...

വരുന്നവരിൽ നമ്മുടെ ആളിനെ എങ്ങനെ തിരിച്ചറിയും ??          രാജ ഗുരു ഉത്കണ്ഠയോടെ ആരാഞ്ഞു... 

അതോർത്തു ചഞ്ചലപെടേണ്ടതില്ല ... ആളെ കാണുമ്പോൾ തനിക്കു മനസിലാവും... മഹാപണ്ഡിതൻ ആവർത്തിച്ചു... 

ശെരി...  അങ്ങ് അത് ഞങ്ങളോട് എങ്ങനെ ആശയവിനിമയം നടത്തും... അങ്ങ് പറഞ്ഞത് പോല്ലേ ഒരാൾ വന്നാൽ അവരുടെ മുന്നിൽ വെച്ച് 'ഇവരാണ്' എന്ന് പറയുമോ...     മഹാമന്ത്രിയുടെ സംശയങ്ങൾക്ക് അറുതി ഇല്ലായിരുന്നു...

ആ ജ്ഞാനി തന്റെ സന്തതസഹചാരിയായ ഊന്നുവടിയില്ലേക്ക് നോക്കി... ചന്ദനത്തിൽ പണിതതായിരുന്നു അത്... അതിന്റെ പിടിയിൽ സമാധാനത്തിന്റെ  ചിഹ്നം  കൊത്തിവെച്ചിരുന്നു... ആരും ശ്രദ്ധിച്ചു പോകും അലങ്കാരപ്പണികൾ ഉള്ള ആ  വടി ... 

എത്രയോ പതിറ്റാണ്ടുകളായി..... ഇത് തന്റെ കൂടെ... മഹാരാജാവ് പൊന്നുതമ്പുരാൻ ദാനം ചെയ്തതാണ്....  ഇപ്പൊ അദ്ദേഹത്തിന്റെ പുത്രന്  ഇത് കൊണ്ട് ഒരു ഉപകാരം ഉണ്ടാവാൻ പോകുന്നു... വിചിത്രം തന്നെ...

അദ്ദേഹം തിരിഞ്ഞു തന്റെ മറുപടിക്കായീ അക്ഷമയോടെ കാത്തു നിൽക്കുന്ന മഹാമന്ത്രിയെ നോക്കി... 

 വരുന്നവരെ വരിയായി നിർത്തുക... താൻ അവരുടെ അടുത്തേക്ക് ചെല്ലാം... ഓരോരുത്തരെയായി വീക്ഷിക്കാം... ആൾ അതല്ല എങ്കിൽ... ദാ.... ഈ  ഊന്നുവടി കണ്ടില്ലേ... നോം ഈ വടിയുടെ അഗ്രം   തറയിൽ ഒരു പ്രാവശ്യം  ഇടിക്കും..  ദാ... ഇപ്രകാരം ... 

അദ്ദേഹം വടിയുടെ അഗ്രം  തറയിൽ ഒരു പ്രാവശ്യം  ഇടിച്ചു കാണിച്ചു കൊടുത്തു... 

 ഒരു പ്രാവശ്യം മാത്രം... അപ്പോൾ മനസിലാക്കണം നോം പറഞ്ഞ ആത്‌മാവ്‌ ‌ ഇത് അല്ലാന്നു..... അവരെയൊക്കെ വേണ്ട പാരിതോഷികങ്ങൾ കൊടുത്തു തിരിച്ചു അയക്കുക...  ഈ ആപത്‌ഘട്ടത്തിൽ ഇത്രടം വരെ  വരാൻ ഉള്ള മനസ് കാണിച്ചതിൽ നമ്മൾ കൃതജ്ഞത അറിയിക്കണം...

ഇനി... നോം പറഞ്ഞ ആൾ വരുമ്പോളും ഈ ഊന്നുവടി തന്നെ ആശ്രയം... ഒന്നിന്  പകരം രണ്ടാവർത്തി നോം ഇതിന്റെ അഗ്രം  തറയിൽ ഇടിക്കും... ദാ ഇപ്രകാരം.. 

അദ്ദേഹം വീണ്ടും അഗ്രം  തറയിൽ ഇടിച്ചു കാണിച്ചു കൊടുത്തു... രണ്ടാമത്തെ ആവർത്തി അഗ്രം  തറയിൽ ഇടിച്ചത് ആദ്യത്തേക്കാൾ വളരെയധികം ശക്തിയിൽ ആണെന്ന് മാത്രം... 

ആ സമയം നിരീച്ചോള്ളൂ... ആൾ വന്നുചേർന്നിരിക്കുന്നു എന്ന് ..... പിന്നീട് വേണ്ട നടപടി ക്രമങ്ങൾ ആരംഭിച്ചോളുക ....

ഉവ്വ്... അവിടുന്ന് അരുളിച്ചെയ്യുംപോല്ലേ .... 

രാജ ഗുരുവും മഹാമന്ത്രിയും  പണ്ഡിതനെ ഒറ്റയ്ക്ക് വിട്ടിട്ടു പോയി... 

ശൂന്യതയിലേക്കു കണ്ണുനട്ട് അദ്ദേഹം ആഴത്തിൽ  തിരിച്ചറിഞ്ഞു..... 

വരിയിൽ നിൽക്കുന്നവരുടെ കൂട്ടത്തിൽ ആ ആത്‌മാവ്‌ ഉണ്ടാവില്ല... 

*********************************************************************************

ഏകദേശം ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.... 

വിളംബര പ്രകാരം, ദിവസവും കുറച്ചു സ്ത്രീകൾ രാജ്യത്തിന്റെ നാനാദിക്കിൽ നിന്നും കൊട്ടാരത്തിലേക്കു  വന്നു കൊണ്ടിരിന്നു....

പകർച്ചവ്യാധി ആയതിനാൽ വിചാരിച്ചതിലും വളരെ കുറച്ചു ആൾക്കാർ മാത്രമേ വന്നിരുന്നുള്ളു...  

ഓരോ ദിവസം കഴിയുന്തോറും രാജാവിന്റെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടർന്ന് കൊണ്ടിരിന്നു... 

ഒരു ഭാഗത്തു വേണ്ട ചികിത്സയെല്ലാം കൊട്ടാരം വൈദ്യൻ ചെയ്തു കൊണ്ടിരിന്നു... 

മറുഭാഗത്തു ജ്ഞാനിയുടെ പ്രവചനം ഉൾക്കൊണ്ട് ആത്‌മാവിന്നു വേണ്ടിയുള്ള അന്വേഷണവും കാത്തിരിപ്പും... 

ഒരു ഘട്ടത്തിൽ രാജാവ് നാടുനീങ്ങിയാല്ലും വേണ്ടില്ല എന്ന് വരെ കൂടെ ഉള്ളവർ  ചിന്തിച്ചു തുടങ്ങി... 

എന്നിരുനാലും  രാജ ഗുരുവിനു   വിശ്വാസം ഉണ്ടായിരുന്നു... ജ്ഞാനി പറഞ്ഞ പ്രകാരം ഒരു ആത്‌മാവ്‌ ഉണ്ടെന്നും, ഈ പ്രതിസന്ധിയിൽ അവർ രാജാവിനെ രക്ഷിക്കാൻ വരുമെന്നും.... 

കൂടെയുള്ളവർക്ക് ധൈര്യവും ആത്‌മ വിശ്വാസവും  പകർന്നു അദ്ദേഹം ക്ഷമയോടെ കാത്തിരുന്നു... 

***********************************************************************************

നാട്ടിൽ എങ്ങോട്ട് തിരിഞ്ഞാലും ഇത് തന്നെയായിരുന്നു സംസാരം... 

രാജാവിനെ പരിചരിക്കാൻ ഒരു സ്ത്രീ വേണമത്രേ... അതിനും  ഒരു പ്രായപരിധി ഉണ്ട്... അങ്ങനെ എല്ലാവര്ക്കും ഒന്നും കേറിചെന്നു കൂടെ നിൽക്കാൻ പറ്റില്ലാ... ഇത് വരെ പോയ ആരെയും സ്വീകരിച്ചിട്ടില്ല... ഇവർ ഇനി ആരെയാണാവോ അന്വേഷിക്കുന്നത്... എത്ര ദൂരത്തു നിന്ന് വന്നതാണെന്ന്  പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല.. ചെല്ലുന്നവരെ എല്ലാം പറഞ്ഞു വിടുകയാണ്...  

പിന്നെ... ഒരു ഗുണമുള്ളതു... വെറും കൈയോടെ വിടില്ല... ചെല്ലുന്നവർക്ക്‌ എല്ലാം നല്ല രീതിയിൽ പാരിതോഷികങ്ങൾ കൊടുത്തു വിടുന്നുണ്ട്... 

അത് കൊണ്ട് മാത്രം പലർക്കും പോയാൽ കൊള്ളാമെന്നുണ്ട്... പക്ഷെ .... എങ്ങാനും തിരഞ്ഞെടുത്താലോ... പിന്നീട്... അവിടെ പെട്ടുപോകില്ലേ.... ആ ഉൾഭീതി ഉള്ളത് കൊണ്ട് മാത്രം കുറച്ചു പേര് പോകാതെ മാറിനിന്നു... 

പോയി വന്നവർ അവരുടെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കു വെച്ചു ... 

********************************************************************************

രാത്രി ഏറെ വൈകിയിരുന്നു.... വീട്ടുജോലിയെല്ലാം തീർത്തു കിടക്കാൻ തയ്‌യാറെടുത്തപ്പോഴാണ്... 

കുട്ടി... ഒന്നും അറിഞ്ഞില്ലേ?? അമ്മമ്മ വക ചോദ്യം...

എന്താണാവോ?? അവൾ ഒന്നും അറിയാത്തതു പോലെ തിരക്കി.. 

രാജാവിന്റെ ദീനത്തെ കുറിച്ച്... 

ആരോ എന്തോ പറഞ്ഞു കേട്ടു ... 

അത്രെയേ ഉള്ളു.. വിളംബരത്തെ കുറിച്ച് എന്തെങ്കിലും കേട്ടിരിക്കുന്നോ ...

അതും കേട്ടു ... പോയവരെ ഒക്കെ തിരിച്ചു  വിടുന്നു എന്നും കേട്ടു... 

കുട്ടി എന്ത് തീരുമാനിച്ചു ??

അവൾ അത്ഭുതത്തോടെ അമ്മമ്മയെ നോക്കി...

ഞാനോ ?? ഞാൻ എന്ത് തീരുമാനിക്കാനാ ??

കൊട്ടാരത്തിലേക്കു പോകുന്ന കാര്യം... 

അവൾ ഒന്നും മിണ്ടാതെ അമ്മമ്മയെ നോക്കി... ആ നോട്ടത്തിൽ ഒരായിരം ചോദ്യങ്ങൾ അവൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു...

പക്ഷെ .. അതിൽ ഒന്ന് പോലും അവൾ ചോദിച്ചില്ല... പകരം തികച്ചും   നിസ്സംഗഭാവത്തോടെ അവൾ പ്രതികരിച്ചു... 

ഞാൻ എന്തിന്നു അത്രയും ദൂരെ പോകണം ?? ഈ രാജ്യത്തു വേറെ സ്ത്രീകൾ ഇല്ലാത്തതു പോലെ... 

അതും ശെരിയാണ്... പക്ഷെ...   അമ്മമ്മ ബാക്കി പറയാതെ നിർത്തി...

എന്താ ഒരു പക്ഷെ... പാരിതോഷികങ്ങൾ കിട്ടുമ്മ്ന്ന് കേട്ടുകാണും ... അതിനാണോ ഞാൻ പോകുന്നതിന്നെ  കുറിച്ച് അന്വേഷിക്കുന്നത്.. 

അല്ലാ... നീ പോയാ അവര് തിരിച്ചു അയക്കില്ലാന്  എന്റെ മനസ് പറയുന്നു... 

അതെന്താ... എനിക്കെന്താ പ്രതേകത ??  

എന്താണെന്ന് കുട്ടിക്ക് അറിയില്ലേ ?? 

ഇല്ലാ... ഒന്ന് പറഞ്ഞു തരുവോ...       

നാൾ ഇത്രയും ആയിട്ടും അമ്മമ്മക്ക് അവൾ കുട്ടിയാണ്... ഇപ്പോഴും അവൾ അമ്മമ്മയോട് കൊഞ്ചും... വഴക്കു കൂടും... പിണങ്ങും... അവൾ മനസ്സിൽ വിചാരിക്കുന്നത് അമ്മമ്മക്ക് മനസിലാവും... 

അമ്മമ്മ മെല്ലെ അവളുടെ അരികില്ലേക്ക് നടന്നടുത്തു... അവളുടെ മുടിയിഴകളിൽ സാവധാനം തഴുകി ...അവളുടെ കണ്ണുകളിലേക്കു ഉറ്റുനോക്കി... 

എന്താ പ്രതേകത എന്ന് ഞാൻ പറയാതെ അറിയില്ലേ... ഇത്രയും വര്ഷം കഴിഞ്ഞിട്ടും, ജീവിതം ഇത്രയും ഒക്കെ മാറിയിട്ടും, ആ ദേശം വിട്ടു ഇവിടെ വന്നു താമസിച്ചിട്ടും... കുട്ടീടെ മനസ് ഇപ്പോഴും എപ്പോഴും  എവിടെ ആണെന്ന് അമ്മമ്മക്ക് നല്ല നിശ്ചയമുണ്ട്... ആലോചിക്കൂ... എന്റെ കുട്ടി നല്ലതുപോല്ലേ  ആലോചിച്ചു ഒരു തീരുമാനം എടുക്കു... എന്ത് തീരുമാനിച്ചാലും അമ്മമ്മ കൂടെ ഉണ്ട്...  ഈശ്വരനാണ് ഇപ്പൊ ഇങ്ങനെ ഒരു സാഹചര്യം ഒരുക്കിയതെന്നു അമ്മമ്മക്ക്‌ തോന്നുവാ... അല്ലെങ്കി കൃത്യമായിട്ട് ഇങ്ങനെ ഒന്നും സംഭവിക്കില്ല.... 

പിന്നീട് ഒരു വാക്കു  പോലും പറയാതെ അമ്മമ്മ ഉറങ്ങുവാൻ പോയി കിടന്നു... 

ഇടിമിന്നലേറ്റതു പോലെ അവൾ കുറച്ചു സമയം അങ്ങനെതന്നെ നിന്നു... 

***********************************************************************************

വീട്ടിലെ  മറ്റു അംഗങ്ങൾ എല്ലാം വളരെ നേരത്തെ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു... 

പക്ഷെ അവൾക്കു എങ്ങനെ ഉറങ്ങാൻ സാധിക്കും... 

തന്റെ രാജാവ്.... അദ്ദേഹം കിടിപ്പിലാണ്.. മരണത്തോട് മല്ലിട്ടു .... തളർന്നു കിടക്കുന്നു... ഏതു നിമിഷവും എന്തും സംഭവിക്കാം...  

ഈ സമയത്തു കൂടെ നിൽക്കേണ്ടവർ സ്ഥലം വിട്ടു ... 

അദ്ദേഹം ഒറ്റക്കാണ്... 

പക്ഷെ... താൻ..........  തനിക്കു എന്ത് ചെയാൻ കഴിയും ??? പണ്ടത്തെ സാഹചര്യം അല്ല ഇപ്പൊ... തന്റെ ജീവിതം ഒരുപാട് മാറിയിരിക്കുന്നു... പുതിയ അധ്യായം തുടങ്ങി... പുതിയ കഥാപാത്രങ്ങൾ രംഗത്ത് വന്നു... തന്നെ ആശ്രയിച്ചു ജീവിക്കുന്ന കുറച്ചു പേരുടെ നടുവിലാണ് താൻ  ഇപ്പോൾ...

ഈ സാഹചര്യത്തിൽ അങ്ങോട്ട് പോകുന്നത് അത്ര അഭികാമ്യമല്ല... 

പക്ഷേ... അദ്ദേഹം.... 

അവൾക്കു ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല... എന്ത് ചെയ്യും... തന്നെ പോല്ലേ ഒരു സാധാരണ ആൾക്ക് എന്ത് ചെയാൻ സാധിക്കും... 

അവൾ കൈ രണ്ടും തലയിൽ കൊടുത്തിരുന്നു.....

നമ്മൾ സന്തോഷിക്കുമ്പോൾ നമ്മളുടെ കൂടെ കൂടാൻ എല്ലാവര്ക്കും വല്യ താല്പര്യം ആയിരിക്കും.... 

പക്ഷെ .. നമ്മൾ വീഴുമ്പോൾ ... താങ്ങി പിടിക്കാൻ... പിടിച്ചു എണീപ്പിക്കാൻ ... തിരിച്ചു പഴയതു പോലെ  നടന്നു തുടങ്ങുന്നത് വരെ കൂടെ നിൽക്കാൻ... എത്ര പേർക്ക് കഴിയും... 

പ്രതേകിച്ചു താൻ  ഇത്രയും സ്നേഹിച്ച ആൾ  ... അദ്ദേഹം വീണു കിടക്കുകയാണ്...എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥയിൽ ... 

അത് അറിഞ്ഞിട്ടും... തനിക്കു എങ്ങനെ ഇവിടെ സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നു... 

രാജാവിന്റെ രോഗവിവരം അറിഞ്ഞത് മുതൽ നെഞ്ച് കിടന്നു പിടയ്ക്കുകയാണ് ... 

പക്ഷെ ... വീണ്ടും അത്രടം പോകാനുള്ള ധൈര്യം ഇല്ലാ... തന്നെയും അല്ല... അദ്ദേഹത്തെ പോലെ ഒരാൾക്ക്, തന്നെ പോലെ ഒരാളുടെ ആവശ്യവും ഇല്ലാ എന്ന് കരുതി  സ്വയം ആശ്വസിപ്പിച്ചു... 

പക്ഷെ... ഇപ്പൊ... 

അവൾ മുൻ വാതിൽ തുറന്നു ..... നല്ല കാറ്റും മഴയും... അവൾ അത് നോക്കി കുറച്ചു നേരം അനങ്ങാതെ നിന്നു .... കാറ്റിൽ മഴത്തുള്ളികൾ അവളുടെ മുഖത്തേക്ക് അടിച്ചു... അവ അവളോട് സംസാരിക്കുന്നതു പോല്ലേ അവൾക്കു തോന്നി... 

അദ്ദേഹം !!!!!  തന്റെ ഉള്ളിൽ ആഞ്ഞുവീശുന്ന കൊടുങ്കാറ്റും തോരാതെ പെയുന്ന പേമാരിയുമാണ്... 

തന്റെ അവസാന ശ്വാസം വരെയും അത് അങ്ങനെ തന്നെ ആയിരിക്കും...

അങ്ങനെ എങ്കിൽ ... 

പോകേണ്ടതല്ലേ... കൂടെ നിൽക്കേണ്ടതല്ലേ.. 

ഇപ്പോൾ കൂടെ നിൽക്കാതെ പിന്നെ എപ്പോഴാണ്... 

നമ്മൾ ഒരാളെ സ്‌നേഹിക്കുമ്പോൾ അത് അയാൾക്ക്‌ കൂടി പ്രയോജനം ചെയുന്ന തരത്തിൽ ഉപയോഗപ്പെടുത്തണം... പ്രധാനമായും ഇങ്ങനെ ഒരു സാഹചര്യത്തിൽ... 

ശെരിയാണ്... എല്ലാം ശെരിയാണ്... എല്ലാ വാദമുഖകളും താൻ അംഗീകരിക്കുന്നു... 

പക്ഷെ... 

ഇങ്ങനെ പക്ഷെ പക്ഷെ എന്ന് പറഞ്ഞോണ്ട് ഇരുന്നാൽ കാര്യങ്ങൾക്കു എങ്ങനെ ഒരു നീക്കുപോക്കു ഉണ്ടാകും .... 

ഒരു തീരുമാനം എടുക്കുക.... അത് അനുസരിച്ചു മുന്നോട്ടു  നീങ്ങുക... 

ആ യാത്രയിൽ ഒരുപാട് പക്ഷെകളേ നേരിടേണ്ടി വരും... അത് തികച്ചും സ്വാഭാവികം... അവിടെ ഒക്കെ നല്ല കരളുറപ്പോടെ പിടിച്ചു നിൽക്കണം ... 

താൻ സ്നേഹിക്കുന്ന ആൾ ഒരാപത്തിൽ പെട്ട് ആരും  സഹായിക്കാൻ ഇല്ലാതെ ഒറ്റപെട്ടു നിൽക്കുമ്പോ.... മറ്റെന്തു തടസം ഉണ്ടെങ്കിലും ചെല്ലണം... കൂടെ നിൽക്കണം... ഏതു ആപത്തിൽ നിന്നും... അത് ഇനി മരണം തന്നെ ആയാലും തനിക്കു അദ്ദേഹത്തോടുള്ള സ്നേഹം , പ്രണയം,  ഒരു രക്ഷാകവചമായി  പൊതിഞ്ഞു പിടിച്ചു നേരിടണം.... 

അതിന്നു ഇനി ഒരു മാറ്റവുമില്ല !!!!!

അവൾ മുൻവാതിൽ ചേർത്തടിച്ചു സാക്ഷയിട്ടു... 

പോകുന്നതിനു മുൻപ് ചെയ്തു തീർക്കാൻ കുറച്ചു കാര്യങ്ങൾ ഉണ്ട്... താൻ കുറച്ചു ദിവസം മാറി നിന്നാലും വീട്ടിലും ജോലിസ്ഥലത്തും അത് കൊണ്ട് യാതൊരു നഷ്ടവും  സംഭവിക്കാൻ പാടില്ലാ... ഒന്നിന്നും ആർക്കും ഒരു കുറവും വരാൻ പാടില്ലാ... 

പിറ്റേന്ന് തന്നെ അവൾ എല്ലാ ക്രമീകരണങ്ങളും ചെയ്തു... വീട്ടിൽ ഉള്ളവരുടെ അനുവാദം വാങ്ങി... അമ്മമ്മ അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ചുംബിച്ചു... 

ആവശ്യത്തിനുള്ള തുണിയും മറ്റു സാധനങ്ങളും ഒരു പഴന്തുണിയിൽ പൊതിഞ്ഞെടുത്തു... 

കടുത്ത നിശ്ചയദാർഢ്യത്തോടും  തികഞ്ഞ ആത്‌മ വിശ്വാസത്തോടും കൂടി അവൾ വീണ്ടും ഒരു തവണത്തേക്കു  കൂടി രാജകൊട്ടാരത്തിലേക്കു യാത്ര തിരിച്ചു... 

***********************************************************************************

നേരം ഇരുട്ടി തുടങ്ങിയിരുന്നു.... 

 അന്നേ ദിവസം വിളംബര പ്രകാരം  കൊട്ടാരത്തിലേക്കു വന്ന സ്ത്രീഗണങ്ങൾ എല്ലാം തിരിച്ചു പോയി.... 

അന്നും മഹാപണ്ഡിതൻ  തൻ്റെ  ഊന്നുവടി, രണ്ടു തവണ തറയിൽ ഇടിച്ചില്ലാ... 

മഹാമന്ത്രിക്കു ഇപ്പൊ വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു... 

പക്ഷെ രാജ ഗുരുവിനു... ഇപ്പോഴും പ്രതീക്ഷ ബാക്കി നിൽക്കുന്നു... കാരണം അദ്ദേഹത്തിന് ആ മഹാത്മന്നെ അത്ര വിശ്വാസവും മതിപ്പും ആണ്... 

നേരം സന്ധ്യ കഴിഞ്ഞതിനാൽ ഇനി ആരും  വരില്ല എന്ന് തോന്നിയ മഹാമന്ത്രി സ്വന്തഇഷ്ടപ്രകാരം കാവൽക്കാരോട് കൊട്ടാരകവാടം അടയ്ക്കാൻ ഉത്തരവിട്ടു...

കാവൽക്കാർ ഉത്തരവ് പ്രകാരം കൊട്ടാരകവാടം അടയ്ക്കാൻ ഉള്ള ഏർപ്പാടുകൾ ആരംഭിച്ചു ... 

അപ്പോഴാണ് ദൂരെ നിന്ന്  പൊട്ടു പോലെ ഒരു രൂപം... 

അടയ്ക്കാൻ വരട്ടെ...       തലമൂത്ത കാവൽക്കാരൻ മറ്റുള്ളവരോട് പറഞ്ഞു...  

ആ രൂപം അവരുടെ അരികിലേക്ക് നടന്നടുത്തു... 

വിളംബരപ്രകാരം വന്നതാണ്... തമ്പുരാന്റെ കൂടെ നിന്ന് പരിചരിക്കാൻ വേണ്ടി...

ഇപ്പോഴാണോ വരുന്നത്... കൊട്ടാരകവാടം ഇപ്പൊ അടയ്ക്കാൻ പോകുക ആയിരുന്നു... 

അവൾ ഒന്നും മിണ്ടിയില്ല... 

പ്രധാന കാവൽക്കാരൻ അപ്പോൾ തന്നെ മഹാമന്ത്രിയെ വിവരം അറിയിച്ചു... 
വിളംബരപ്രകാരം ഒരു സ്ത്രീ വന്നിരിക്കുന്നു... ഒന്ന് വന്നു കാണണം... 

മഹാമന്ത്രിക്കു തീരെ താല്പര്യം ഉണ്ടായിരുന്നില്ല... പക്ഷെ ... വേറെ നിവർത്തി ഇല്ലല്ലോ... 

അദ്ദേഹം രാജ ഗുരുവിനെയും മഹാപണ്ഡിതനെയും വിവരമറിയിച്ചു... 

രണ്ടാളും ഉടൻ തന്നെ വന്നെത്തി.... ഈ വക കാര്യങ്ങളിൽ അമാന്തം പാടില്ലാന്നു രണ്ടാള്ക്കും നല്ല നിശ്ചയമുണ്ടായിരുന്നു... 

അവർ മൂന്നാളും അവളെ നിർത്തിയിരുന്ന സ്ഥലത്തേക്ക് പ്രതീക്ഷയോടെ ആഗമനരായി .... 

രാജ ഗുരുവും മഹാമന്ത്രിയും വഴി മാറി കൊടുത്തു... 

ജ്ഞാനി അവളുടെ അടുക്കലേക്കു ചെന്നു ... അവൾ അദ്ദേഹത്തെ താണു വണങ്ങി...

അവളുടെ മുഖത്തേക്ക് അദ്ദേഹം നിമിഷങ്ങള്ളോളം  ഉറ്റുനോക്കി.... 

രാജ ഗുരുവും മഹാമന്ത്രിയും ശ്വാസം അടക്കി പിടിച്ചു നിന്നു .... 

പണ്ഡിതൻ തന്റെ  ചന്ദനത്തിൽ കടഞ്ഞെടുത്ത ഊന്നുവടി മുകളിലേക്ക് ഉയർത്തി... അതിന്റെ അഗ്രം ശക്തിയിൽ തറയിൽ ഇടിച്ചു... 

ഒന്ന്.....

ഇത് പതിവുള്ളതായതു കൊണ്ട് മറ്റു രണ്ടാൾക്കും വല്യ ആശ്ചര്യം ഒന്നും തോന്നിയില്ല... 

ആ മഹാത്‌മാവ്‌ തന്റെ ഊന്നുവടി ഒരിക്കൽ കൂടി ആകാശത്തിലേക്കു ഉയർത്തി പിടിച്ചു.... 

ഇത്രയും ദിവസം തങ്ങൾ കണ്ടിട്ടില്ലാത്ത ഒരു കാഴ്ച.... രാജ ഗുരുവും മഹാമന്ത്രിയും പരസ്പരം നോക്കി ... ഇത് വിശ്വസിക്കാമോ ?? 

പണ്ഡിതൻ ആ ഊന്നുവടിയുടെ അഗ്രം തറയിൽ അതീവശക്തിയിൽ  ഇടിച്ചു... 

ദിഗംബങ്ങൾ പിളരുമാറുള്ള ശബ്ദം  .... 

രണ്ട് ....

ആത്‌മാവ്‌ എത്തിച്ചേർന്നിക്കുന്നു.... 

***********************************************************************************

പിന്നീട് എല്ലാം തകൃതിയിൽ നടന്നു... 

തങ്ങൾ ഇത്രയും ദിവസം കാത്തിരുന്ന ആൾ വന്നു ചേർന്നിരിക്കുന്നു... രാജാവിനെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ... അതിന്നു വേണ്ടി മാത്രം ജന്മം കൊണ്ട ആ ആത്‌മാവ്‌ ..... ഇപ്പൊ ദാ കണ്മുന്നിൽ....

അവളെ അവർ കൊട്ടാരം വൈദ്യന്റെ അടുത്ത് എത്തിച്ചു... അദ്ദേഹം  അവളുടെ വൈദ്യപരിശോധന നടത്തി... പൂർണ  ആരോഗ്യവതിയാന്നെന്നു  ഉറപ്പു വരുത്തി...   അനന്തര നടപടികൾ എല്ലാം മുറ പോലെ നടന്നു...

 അദ്ദേഹം അവൾക്കു വേണ്ടുന്ന നിർദേശങ്ങൾ നൽകി... 

വളരെ അപകടം പിടിച്ച ഒരു ജോലിയാണ് ഏറ്റെടുക്കാൻ പോകുന്നത്... വ്യക്തിശുചിത്വം അത്യന്താപേക്ഷിതമാണ്...  ഒരു വിട്ടുവീഴ്ചയും പാടില്ലാ.... 

രാജാവിനെ കിടത്തി ഇരിക്കുന്ന മുറി ദിനവും രണ്ടു നേരം അണുവിമുക്തമാക്കണം... 

മുഖാവരണവും കൈയുറയും നിർബന്ധം ആണ്... 

താപനില കൂടിയാൽ നമ്മെ അറിയിക്കണം...

നമ്മെ  അല്ലാതെ മറ്റാരെയും  ഒരു കാരണവശാലും മുറിയിൽ കേറ്റരുത് .... 

രാജ മാതേയെ പോലും... 

അങ്ങനെ അങ്ങനെ കുറെ നിർദേശങ്ങൾ ... 

എല്ലാം അവൾ  കാര്യമായി തന്നെ കേട്ടു ...

അപ്പോഴും ഒരു ചോദ്യം മാത്രം അവളുടെ ഉള്ളിൽ ബാക്കി ആയി... 

രാജ്യത്തെ നാനാദിക്കിൽ നിന്നും ഇത്രയും സ്ത്രീകൾ വന്നു... അവരെ എല്ലാം പറഞ്ഞു വിട്ടു... പക്ഷെ... തന്നെ മാത്രം തിരിച്ചു പറഞ്ഞയച്ചില്ലാ... അതെന്താ കാരണം?? അവൾക്കു ഉത്തരം കണ്ടെത്താൻ ആയില്ല.... 

എന്നിരുന്നാലും...  രാജാവിന്റെ കൂടെ അദ്ദേഹത്തെ പരിചരിച്ചു , ശ്രുശ്രൂക്ഷിച്ചു  നിൽക്കാൻ കിട്ടിയ ഈ വരദാനം ... അതിന്നു ആരോട്... എങ്ങനെ നന്ദി പറയും ... അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി... 

ഒടുവിൽ അവൾ ഏറ്റവുമധികം  കാത്തിരിക്കുന്ന ആ നിമിഷം വന്നെത്തി... 

രാജാവിനെ കിടത്തിയിരിക്കുന്ന മുറിയിലേക്ക് കൊട്ടാരം വൈദ്യൻ അവളെ കൂട്ടികൊണ്ട് പോയി... 

അദ്ദേഹത്തെ കാണാൻ പോകുകയാണ്... വര്ഷങ്ങള്ക്കു ശേഷം... 

അവസാനമായി താൻ അദ്ദേഹത്തെ കാണുമ്പോൾ....  അദ്ദേഹം  കുതിരപ്പുറത്തു എല്ലാ പ്രൗഢിയോടും കൂടി സവാരി ചെയ്യുകയായിരുന്നു ... 

ഇന്ന്... ഇപ്പൊ... അദ്ദേഹത്തെ കാണുമ്പോൾ.... അദ്ദേഹത്തെ  അവസ്ഥ.... 

മനുഷ്യന് എന്ത് ഉണ്ടായിട്ടും കാര്യമില്ല...ആരോഗ്യം തന്നെയാണ് ഏറ്റവും വല്യ സമ്പത്തു... അത് നഷ്ടപ്പെട്ടാൽ പിന്നെ എന്ത് കാര്യം... അത്  ഇനി എത്ര വല്യ ആളായാലും ശെരി... 

കൊട്ടാരം വൈദ്യൻ അവളെ ആ മുറിയിൽ പ്രവേശിപ്പിച്ചു.. 

വല്ലാത്ത ചൂട്...  മുറിയാകെ ഏതോ  ഒരു ദ്രാവകത്തിന്റെ ദുർഗന്ധം...

 അത്യാവശ്യം വൃത്തി ഒക്കെ ഉണ്ട്... പക്ഷെ... ഇങ്ങനെ ആണോ വേണ്ടത്... 

അവൾക്കു വിശ്വസിക്കാൻ പ്രയാസം തോന്നി... ഒരു രാജ്യത്തിന്റെ രാജാവിന് ഈ ഗതിയോ ..... 

ഇല്ലാ... സാരയില്ലാ... താൻ  വന്നല്ലോ. ഇനി എല്ലാം താൻ നോക്കി കൊള്ളാം...

അകത്തെ മുറിയിലാണ് രാജാവിനെ കിടത്തിയിരിക്കുന്നത്...     കൊട്ടാരംവൈദ്യൻ അറിയിച്ചു...

അവളുടെ ഹൃദയം പടാപടാന്നു  മിടിക്കാൻ തുടങ്ങി... അത്രയും ശബ്ദത്തിൽ, വേഗത്തിൽ തന്റെ ഹൃദയം സ്പന്ദിക്കുന്നത് ആദ്യമായിട്ടാണ്.... 

സമയം നിശ്ചലമായതു പോലെ... ഒന്നും അനങ്ങുന്നില്ല... ഒരു ഇല പോലും....

അവൾ തന്റെ രാജാവിനെ കണ്ടു... 

സപ്രമഞ്ചകട്ടിലിൽ ഒരു മൃതദേഹത്തിന്നു തുല്യമായ ആ കിടപ്പ് ... 

കൃത്രിമശ്വാസം ആണ് കൊടുത്തിരിക്കുന്നത്... ദേഹമാകെ ഒരു പുതപ്പു കൊണ്ട് മൂടിയിരിക്കുന്നു....

ആ മുഖം... എത്രമാത്രം ക്ഷിണീച്ചിരിക്കുന്നു...  താടിയും മുടിയും ... ആളിനെ തിരിച്ചറിയാൻ തന്നെ ബുദ്ദിമുട്ടു... 

അവൾക്കു അരിശം വന്നു.... 

ഇങ്ങനെയാണോ  ഒരു രാജ്യത്തെ രാജാവ് ചെയേണ്ടത്... ഈ സമയത്തു ഇങ്ങനെ തളർന്നു ... മറ്റുള്ളവരുടെ ദയക്ക് വേണ്ടി കാത്തു നിൽക്കാൻ പാടുണ്ടോ... എല്ലാവരെയും മുന്നിൽ നിന്ന് നയിക്കാൻ ഉത്തരവാദിത്തപെട്ടയാൾ അതൊന്നും ചെയാതെ വന്നു കിടക്കുന്നു... 

ഇനി വേണ്ട... താനുണ്ട്.. താൻ നോക്കും... പഴയതു പോലെ... അല്ല... അതിനേക്കാൾ കാര്യശേഷിയുള്ള ആളാക്കി മാറ്റണം... 

പിനീടുള്ള ദിവസങ്ങൾ വളരെ നിർണായകം ആയിരുന്നു....    

ഒരമ്മ തന്റെ കുഞ്ഞിന്നെ നോക്കുന്നതിനേക്കാൾ കാര്യമായി അവൾ രാജാവിനെ ശ്രിശൂഷിച്ചു...  എല്ലായിടത്തും അവളുടെ കണ്ണും മനസും എത്തി... ഒന്നിന്നും ഒരു കുറവും ഉണ്ടാവാതെ അവൾ പ്രതേകം ശ്രേദ്ധിച്ചു ..അങ്ങേയറ്റം സ്നേഹത്തോടും കരുതലോടും കൂടി അവൾ രാജാവിനെ പരിചരിച്ചു കൂടെ നിന്നു ... 

പതുക്കെ പതുക്കെ അതിന്റെ ഫലം കണ്ടു തുടങ്ങി... രാജാവിന്റെ ആരോഗ്യം മെല്ലെ മെച്ചപ്പെടാൻ തുടങ്ങി...  

ദിവസങ്ങൾ... ആഴ്ചകൾ...  

രാജാവ് പൂർണ ആരോഗ്യവാനായി തിരിച്ചു സിംഹാസനത്തിൽ വന്നിരിക്കാൻ അധികസമയം ഒന്നും ആവശ്യമില്ല എന്ന ഘട്ടം വരെയെത്തി കാര്യങ്ങൾ... 

അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവൾ തന്നെ ആയിരുന്നു... 

ഇത്രയൊക്കെ തന്നെ കൊണ്ട് സാധിച്ചല്ലോ.... അത് തന്നെ വല്യ കാര്യം... 

അവളുടെ പ്രവർത്തികളെയും രാജാവിനോടുള്ള പെരുമാറ്റവും കണ്ടാൽ ഏതു കൊച്ചു കുട്ടിക്കും അവളുടെ മനസ് അറിയാൻ പറ്റുമായിരുന്നു...

ആ അവസ്ഥയിലും അദ്ദേഹം രാജ്യകാര്യങ്ങളിൽ ഇടപെടുമായിരുന്നു... മന്ത്രിമാരുമായി നിരന്തരം കത്തിടപാടുകൾ നടത്തിയിരുന്നു... 

അവസാനം ആ ദിവസവും വന്നെത്തി... അദ്ദേഹം പൂർണമായി രോഗമുക്തി നേടി... 

********************************************************************************

രാജാവ് രോഗമുക്തനായി... 

വാർത്ത കാട്ടുതീയെക്കാൾ വേഗത്തിൽ പരന്നു .... 

ഇനി പൂർവാധികം ശക്തിയോടുകൂടി അദ്ദേഹം സിംഹാസനത്തിൽ വന്നിരിക്കും... രാജ്യം ഭരിക്കും ... രാജ്യത്തെ ആക്രമിക്കാൻ പദ്ധതി തയ്‌യാറായിരിക്കുന്ന എല്ലാവര്ക്കും അദ്ദേഹം മറുപടി നൽകും... 

ആ കൂടെ മറ്റൊരു  സന്തോഷവാർത്ത കൂടി രാജ്യം വരവേറ്റു... 

മഹാമാരിക്ക് മറുമരുന്ന്  കണ്ടുപിടിച്ചിരിക്കുന്നു... പതുക്കെ  പതുക്കെ ഓരോ രോഗികൾ രോഗമുക്തി നേടുന്നു... പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു... 

എല്ലാം കൊണ്ടും രാജ്യത്തു നല്ല കാലം തന്നെ... 

***********************************************************************************

തന്റെ ഇവിടുത്തെ ജോലി കഴിഞ്ഞു... ഇനി തിരിച്ചു വീട്ടിലിലേക്കു മടങ്ങാം... 

ദാസിപ്പെന്നു അവളുടെ ഭാണ്ഡകെട്ടു തയ്‌യാറാക്കി.... 

താൻ പോകുന്ന വിവരം ആരോടെങ്കിലും പറയേണ്ടതുണ്ടോ... 

പറഞ്ഞിട്ടെന്തിനാ...

എന്നാലും.... അത് മര്യാദ അല്ലല്ലോ... ഇത്രയും ദിവസം ഇവിടെ കഴിഞ്ഞതല്ലേ. ... ഇവിടുത്തെ ഭക്ഷണം കഴിച്ചതല്ലേ... അതിന്റെ നന്ദി കാണിക്കണമല്ലോ....  

ആരോടാ ഇപ്പൊ പറയുക... 

കാര്യക്കാരനോട് പറയാം... അതാവും നല്ലതു... 

അവൾ കാര്യക്കാരന്നെ കണ്ടു വിവരം പറഞ്ഞു... ഇനി ഇപ്പൊ തന്റെ ആവശ്യം ഇല്ലാ... താൻ മടങ്ങുകയാണ്... 

മഹാ മന്ത്രിയെ അറിയിക്കാം ... കാര്യക്കാരന്റെ മറുപടി...

അവൾ പോകുവാനായി ഇറങ്ങി... 

ഒരു സേവകൻ ഓടി വന്നു... മഹാമന്ത്രി വിളിക്കുന്നു... വേഗം ചെല്ലാൻ പറഞ്ഞു...

അവൾ ഒന്നും മിണ്ടാതെ സേവകന്നെ അനുഗമിച്ചു...    

മഹാമന്ത്രിക്കു ഒപ്പം രാജ ഗുരുവും ഉണ്ടായിരുന്നു... 

അവരുടെ മുന്നിൽ ആവശ്യത്തിൽ കൂടുതൽ പൊന്നും പണവും മറ്റനേകം വസ്തുക്കളും... 

തനിക്കു പാരിതോഷികം തരാൻ വിളിപ്പിച്ചതാണെന്നു അവൾക്കു മനസിലായി.... 

രാജ ഗുരു അവളോട് അങ്ങേയറ്റം വാത്സല്യത്തോടെ പറഞ്ഞു... 

അങ്ങനെ അങ്ങ് പോകാൻ കഴിയുമോ ?? ഈ ദുര്ഘടസമസ്യയിൽ പെട്ട് ഞങ്ങൾ വലഞ്ഞപ്പോ സഹായിച്ച ആളാണ്... ഇതാ... ഇതെല്ലാം കൊണ്ട് പോകാം... യാതൊരു വിഷമവും വിചാരിക്കണ്ട .... 

അവൾ തന്റെ മുന്നിൽ ഇരിക്കുന്ന വിലപിടിപ്പുള്ള വസ്തുകളിലേക്കു നോക്കി...

വസ്തുക്കൾ... അത് മാത്രമാണവാ... ഇത് കൊണ്ട് തനിക്കു  എന്ത് നേടാൻ ... 

സമയം..മനസമാധാനം... സന്തോഷം... ആരോഗ്യം....കഴിവ്... കാര്യപ്രാപ്തി... മര്യാദ.. അറിവ്... 

എല്ലാറ്റിനും ഉപരി സ്നേഹം.... 

ഇതിൽ ഏതെങ്കിലും ഒന്ന് ഈ ഇരിക്കുന്ന വസ്തുക്കൾ കൊണ്ട് തനിക്കു നേടാൻ കഴിയുമോ?? ഇല്ല... പിന്നെ എന്തിന്നു... 

ക്ഷെമിക്കണം... അടിയന്നു  ഒന്നും വേണ്ടാ.. പോകാൻ അനുവദിക്കണം...

രാജ ഗുരു എത്ര നിർബന്ധിച്ചിട്ടും പാരിതോഷികങ്ങൾ സ്വീകരിക്കാൻ അവൾ തയ്‌യാറായില്ലാ... 

പോകുന്നതിനു മുൻപ് ഒരു കാര്യം കൂടി...  

ഞങ്ങൾക്കൊക്കെ ഒരുപാട് വിശ്വാസവും മതിപ്പുമുള്ള ഒരു മഹാപണ്ഡിതൻ... ത്രിലോകജ്ഞാനി... അദ്ദേഹം ഇപ്പൊ കൊട്ടാരത്തിൽ ഉണ്ട്...  അദ്ദേഹത്തിന് ഒന്ന് കാണണമെന്ന് പറഞ്ഞു... 

ഒന്ന് പോയി കണ്ടു അനുഗ്രഹം മേടിച്ചോള്ളൂ... നല്ലതു മാത്രം വരട്ടെ...  

അങ്ങനെ പറഞ്ഞു രാജ ഗുരു അവളെ യാത്രയാക്കി...

രാജ ഗുരു പറഞ്ഞത് പ്രകാരം ആ മഹാത്‌മാവിൻനെ കാണാൻ  അവൾ ഗുരുകുലത്തേക്കു നടന്നു... 

***********************************************************************************

ഗുരുകുലത്തിലേക്കു പ്രവേശിക്കുന്നതിന് മുൻപ് തന്നെ അവൾ കണ്ടു... 

ധ്യാനനിരതനായി  ഋഷിവര്യനെ പോല്ലേ ഒരാൾ... കണ്ടാൽ തന്നെ നല്ല തേജസുണ്ട്... അദ്ദേഹത്തിന്നെ കണ്ടപ്പോൾ മനസിന് എന്തോ ഒരു സമാധാനം കൈവന്നത് പോല്ലേ... 

കാവൽക്കാരന്റെ അനുവാദത്തോടെ അവൾ അകത്തു കടന്നു... 

അദ്ദേഹം കണ്ണുകൾ തുറന്നു അവളെ നോക്കി... അവൾ അദ്ദേഹത്തെ താണു  വണങ്ങി... ... 

അദ്ദേഹം അവളെ നോക്കി പുഞ്ചിരിച്ചു ... 

പറയാതെ പോകുകയാണ്... അല്ലെ???

അടിയൻ  ... അറിയിക്കേണ്ടവരെ എല്ലാം അറിയിച്ചിട്ടാണ് പോകാൻ ഒരുങ്ങിയത്... 

പറയേണ്ട എല്ലാവരോടും പറഞ്ഞോ?? മുഖ്യമായ ആളിനോട് പറഞ്ഞില്ലല്ലോ... പോകുന്നു എന്ന്... ഉവ്വോ??

അവൾ ഒന്നും ഉരിയാടാതെ തല കുമ്പിട്ടു നിന്ന്....

വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല.... ഈ കാലമത്രയും വിഷമം ആയിരുന്നു എന്നറിയാം... 

ചിലരോടുള്ള നമ്മുടെ സ്നേഹം ... അത് നമുക്ക് എന്നും ദുഃഖം മാത്രമേ സമ്മാനിക്കാറുള്ളു... 

നമ്മൾ എത്ര അകന്നു പോയാലും അത് നമ്മെ തേടി വീണ്ടും വരും...  മറന്നാലും മറക്കാൻ അനുവദിക്കാതെ ... വീണ്ടും വീണ്ടും വേദനിപ്പിക്കാൻ വേണ്ടി... 

ചിലതു അങ്ങനെ ആണ്... പക്ഷെ ... നമ്മൾ പിന്നെയും  സ്നേഹിച്ചുകൊണ്ടേയിരിക്കും... കാരണം  അതല്ലാതെ വേറെ ഒന്നും നമ്മുക്ക് കഴിയില്ല... അറിയുകയുമില്ല...

ഏറ്റവും വിഷമം ... നമ്മൾ കൊടുക്കുന്ന സ്നേഹം നമ്മുക്ക് തിരിച്ചു കിട്ടില്ലാന്നു മാത്രമല്ല... നമ്മൾ സ്നേഹിക്കുന്ന വ്യെക്തി... അവർ   നമ്മുടെ സ്നേഹത്തെ തിരിച്ചറിയുക കൂടി ഇല്ലാ...  വല്ലാത്ത വേദന ആണത്... 
 
എന്താ ... നോം  പറഞ്ഞത് ശെരിയല്ല??? 

അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല... അദ്ദേഹം പറയുന്നത് അക്ഷരം പ്രതി ശെരിയാണെന്ന ഉത്തമ ബോധ്യം അവൾക്കുണ്ടായിരുന്നു... 

ഒന്ന് കണ്ടു പറഞ്ഞിട്ട് പൊയ്ക്കൂടേ... ഇനി ഒരു പക്ഷെ... 

തന്റെ വാചകം മുഴുമിപ്പിക്കാതെ അദ്ദേഹം നിർത്തി... 

ക്ഷെമിക്കണം... അടിയനെ പോകാൻ അനുവദിക്കണം.... 

അദ്ദേഹം തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു ...

കുറച്ചു സമയം ഒന്നും മിണ്ടാതെ നിന്നു ...

ഇപ്പൊ ഈ ചെയ്ത പുണ്യം... അത് ഈ ലോകത്തു വേറെ ആരും അദ്ദേഹത്തിന് വേണ്ടി ചെയ്യില്ല... മരണകിടക്കയിൽ നിന്ന് സ്നേഹമെന്ന ഒറ്റ ആയുധം പ്രയോഗിച്ചു തിരിച്ചു കൊണ്ട്  വന്നില്ലേ.... ആ വല്യ മനസിന് മുന്നിൽ ഞങ്ങൾ എല്ലാം എത്ര ചെറുതാണ്...

അവൾ പോലും പ്രേതീക്ഷിക്കാതെ അദ്ദേഹം അവളുടെ മുന്നിൽ കൈകൾ കൂപ്പി... 

നിറകണ്ണുകളോടെ അവൾ അദ്ദേഹത്തെ താണുവണങ്ങി...   ഇറങ്ങി നടന്നു... 

കൊട്ടാരകവാടത്തിൽ എത്തി തിരിഞ്ഞു നോക്കി.... വീണ്ടും താൻ ഈ പടി ഇറങ്ങുകകയാണ്... 

പക്ഷെ ... ഇനിയും അദ്ദേഹത്തിന് തന്റെ ആവശ്യം വന്നാൽ രണ്ടാമതൊന്നു ആലോചിക്കാതെ താൻ കടന്നു വരും... തീർച്ച.... 

***********************************************************************************

കൊട്ടാരത്തിൽ നിന്ന് വീട്ടിലിലേക്കു അവൾ നടന്നു... കുറച്ചേറെ  നടക്കണം...

അദ്ദേഹത്തെ കണ്ടു പറയണമായിരുന്നോ ... ഇത്രയും ദിവസം കൂടെ ഉണ്ടായിരുന്നു... പക്ഷെ... ഒരു രോഗിയും ശ്രുശൂഷകയും  എന്നതിന് അപ്പുറം യാതൊരു  വിധ സംഭാഷണവും തങ്ങൾക്കു ഇടയിൽ ഉണ്ടായിട്ടില്ല... 

തന്റെ പേര് പോലും അദ്ദേഹം ചോദിച്ചില്ല... തന്നെ കുറിച്ച് യാതൊന്നും അന്വേഷിച്ചില്ല... അങ്ങനെ ഉള്ള ഒരാളോട് എന്ത് പറയാൻ... 

തന്റെ മനസ് മാത്രം എന്തേ തിരിച്ചറിഞ്ഞില്ല?? 

പെട്ടെന്ന് അവൾക്കു നെഞ്ച് വേദനിക്കുന്ന പോലെ തോന്നി... കുറച്ചു ദൂരം നടന്നത് കൊണ്ടാവും... അവൾ കരുതി... 

ശ്വാസം എടുക്കാൻ എന്തോ വല്യ പ്രയാസം പോല്ലേ... ദേഹമാസകാലം കടുത്ത വേദന... കൈക്കും കാലിന്നുമൊക്കെ ഭയങ്കര ഭാരം... ചലനശേഷി നഷ്ടപെടുന്നുണ്ടോ ... കണ്ണിന്റെ കാഴ്ച മങ്ങിയോ... 

അവൾ വളരെ പ്രയാസപ്പെട്ടു നടന്നു ഒരു മരത്തിന്റെ ചുവട്ടിൽ വന്നു ... വല്ല വിധേന്നെയും തറയിൽ ഇരുന്നു.... ആ വഴിക്കു ആരെങ്കിലും വരുന്നുണ്ടോ... ഇല്ലാ... ആരെയും കാണുന്നില്ല... 

അവൾ വളരെ ശക്തിയിൽ ചുമയ്ക്കാൻ തുടങ്ങി... ചുമച്ചു ചുമച്ചു അവൾ രക്തം ഛർദിച്ചു... 

ഇനി... 

ഇനി ഒന്നുമില്ല... എല്ലാം അവസാനിക്കാൻ പോകുകയാണ് ....

ഒരൽപം സ്വബോധം മാത്രം ബാക്കി ഉണ്ട്... അതും ഇപ്പൊ നഷ്ടമാകും... 

അദ്ദേഹത്തോട് ഒരു വാക്കു  പറയാമായിരുന്നു... പറയേണ്ടാതായിരുന്നു... പക്ഷെ ഇനി... 

അവളുടെ ചേതനയറ്റ ശരീരം മണ്ണിലേക്ക് ചാഞ്ഞു.... 

( അവസാനിച്ചു)








 



 











Monday, August 03, 2020

raajaavine snehicha daasi pennu part 4



രാജാവിനെ സ്നേഹിച്ച ദാസി പെണ്ണ്... പാർട്ട് 4  

രാജ്യം പുരോഗതിയില്ലേക്ക് കുതിച്ചു കൊണ്ടിരിക്കുകയായിരുന്നു...

രാജാവിന്റെ ഭരണത്തിൽ എല്ലാവരും  സംതൃപ്തർ ആയിരുന്നു...

എല്ലാവർക്കും വിദ്യാഭ്യാസം... തൊഴിൽ ... സുഖകരമായ ജീവിതം...

എല്ലാ പ്രായത്തിൽ ഉള്ളവർക്കും വിവിധ  ഇനം പദ്ധതികൾ... 

വികസനത്തിന്റെ പാതയിൽ രാജ്യം അങ്ങനെ ലോകം കീഴടക്കി കൊണ്ടിരുന്നു...

പക്ഷെ.. മറുവശത്തു... മൂല്യച്യുതിയും സംഭവിച്ചു കൊണ്ടിരുന്നു...

മക്കളെ കൊല്ലുന്ന അമ്മമാർ ... 

പെണ്മക്കളെ  ചൂഷണം ചെയുന്ന അച്ഛന് മാർ...

വൃദ്ധരായ മാതാപിതാക്കളെ വഴിയോരത്തു ഉപേക്ഷിച്ചിട്ട് തന്കാര്യം നോക്കി പോകുന്ന മക്കൾ... 

വീട്ടിലും വഴിയിലും എന്ന് വേണ്ടാ ... സർവത്ര ചൂഷണങ്ങൾ...

മനുഷ്യർ സ്വാർത്ഥരും , അത്യാഗ്രഹികളുമായി മാറി.. ആർക്കും  ആരോടും സ്നേഹമോ, ദയയോ, കാരുണ്യമോ,സഹതാപമോ,  സഹാനുഭൂതിയോ... യാതൊന്നും ഇല്ലാത്ത അവസ്ഥ ....

അയൽ രാജ്യങ്ങൾ തമ്മിലും പ്രശ്നങ്ങൾ.. എല്ലാവര്ക്കും അങ്ങോട്ടും ഇങ്ങോട്ടും വെട്ടിപിടിക്കണം... വേണ്ടി വന്നാൽ ഒരു ആക്രമണത്തിന്  തന്നെ തയ്‌യാറായി  ഇരിക്കുന്ന സമയം...

-------------------------------------------------------------------------------

കച്ചവട ആവശ്യങ്ങൾക്ക് വേണ്ടി അയൽ  രാജ്യത്തു പോയി വരുന്ന ഒരു പതിവ് അയാൾക്ക് ഉണ്ടായിരുന്നു... 

അന്ന് തിരിച്ചു വന്ന ദിവസം... ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ പോയി... അവർക്കെല്ലാം അയാൾ  സമ്മാനങ്ങൾ കൊണ്ട് വന്നിട്ടുണ്ടായിരുന്നു...

അവരുടെ ഒപ്പം ഇരുന്നു സംസാരിച്ചു, ആഹാരം കഴിച്ചു... സമയം ചിലവിട്ടു.. 

 ഒരാഴ്ച കഴിഞ്ഞു .... എന്തൊക്കെയോ അസ്വസ്ഥകൾ ... ദേഹമാസകലം വല്ലാത്ത വേദന... ചുമ ഉണ്ട്... പനിയുടെ ലക്ഷണങ്ങൾ... ചെറുതായി ശ്വാസം മുട്ടുണ്ടോ?? 
എന്തായാലും വൈദ്യനെ ഒന്ന് കണ്ടു കളയാം... 

വൈദ്യന്റെ അടുത്ത് പോയി മരുന്ന് കുറിച്ച് മേടിച്ചു... ഒരാഴ്ച കഴിച്ചാൽ എല്ലാം ഭേദമാവുമെന്ന വൈദ്യന്റെ വാക്കിന്റെ ഉറപ്പിൽ അയാൾ പോയി...

രണ്ടു ദിവസം കഴിഞ്ഞു... 
അയാൾക്ക്‌ ശ്വസിക്കാൻ  വല്ലാത്ത ബുദ്ധിമുട്ട് അനുഭവപെട്ടു...
കലശലായ നെഞ്ചുവേദന....
സംസാരവും  ചലനശേഷിയും  നഷ്ടപ്പെട്ടു...
കുടുംബക്കാർ ഉടനെ തന്നെ അയാളെ വൈദ്യന്റെ അടുക്കൽ  എത്തിച്ചു... 

പക്ഷെ അപ്പോഴേക്കും ഒത്തിരി വൈകിയിരുന്നു....

അത് വെറും ഒരു തുടക്കം മാത്രമാണെന്ന് അന്ന് ആരും തിരിച്ചറിഞ്ഞില്ല... 

പിന്നെയും ദിവസങ്ങൾ കഴിഞ്ഞു...

രാജ്യത്തിന്റെ പല ഭാഗത്തായി ആളുകൾ മരിച്ചു വീഴാൻ തുടങ്ങി... 

പ്രതേകിച്ചും അയൽ രാജ്യങ്ങൾ സന്ദർശിച്ചു വരുന്നവർ.... 

നാടെങ്ങും ആശങ്കയും ഭീതിയും... എന്ത് ചെയ്യണം എന്നറിയാതെ ജനകോടികൾ...

ഒടുവിൽ എല്ലാവരും ആ സത്യം തിരിച്ചറിഞ്ഞു...

രാജ്യം കഠിനമായ ഒരു  പകർച്ചവ്യാധിയുടെ പിടിയിൽ അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു...

ഇനി എന്ത്... എങ്ങനെ ഇതിന്നെ നേരിടണം?? 

കൊട്ടാരത്തിൽ അടിയന്തര യോഗം വിളിച്ചു കൂട്ടി... 

രാജാവും മന്ത്രിമാരും അഹോരാത്രം ചർച്ച ചെയ്‌തു...

രാജ്യത്തിന്റെ നാനാഭാഗത്തും ചെയെണ്ടേ കാര്യങ്ങൾ... എത്തിക്കേണ്ട സഹായങ്ങൾ... എല്ലാത്തിനെ കുറിച്ചും ചർച്ചകൾ ....

അങ്ങനെ ഓരോ ഉദ്യോഗസ്ഥർക്കും ഓരോ കടമകൾ നിർവഹിക്കാൻ കൊടുത്തു... 

ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്തങ്ങൾ കൂട്ടി കൊടുത്തു... 

രാജ്യമെങ്ങും കൊടും ഭീതിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന സമയം... 

രാജാവും കൊട്ടാരത്തിലെ മറ്റുള്ളവരും... രാവും പകലും  ഇതിന്നെ പ്രതിരോധിക്കാന്നുള്ള വഴികൾ തേടി നടന്നു... 

ഈ ഒരു പ്രതിസന്ധി ഘട്ടത്തിൽ രാജ്ഞി തന്റെ മക്കളെയും കൂട്ടി സ്വന്തം രാജ്യത്തേക്ക് പോകാൻ നിശ്ചയിച്ചു... 

ഇവിടെ നിന്നാൽ തനിക്കോ തന്റെ മക്കൾക്കോ എന്തെങ്കിലും സംഭവിച്ചാലോ... 

അവർ രാജാവ് അറിയാതെ സ്വന്തം കൊട്ടാരത്തിൽ വിവരം അറിയിക്കുകയും, അവിടുന്ന് അവരെ കൂട്ടി കൊണ്ട് പോകാൻ ആളെ വിടുകയും ചെയ്‌തു...

ഇതറിഞ്ഞ രാജാവ് കടുത്ത രീതിയിൽ പ്രതികരിച്ചു. ഈ സമയത്തു ഒരു രാജ്യത്തിന്റെ രാജ്ഞിയിൽ നിന്നും  ഒരിക്കലും പാടില്ലാത്ത ഒരു നീക്കമാണിത് ... 

ഇതറിഞ്ഞാൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കും... ചിന്താശേഷി ഇല്ലേ ?? 

രാജാവ് വീണ്ടും കുറെ  ചോദ്യങ്ങൾ ചോദിച്ചു... പക്ഷെ രാജ്ഞി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു .... മക്കളെയും കൂട്ടി കൊട്ടാരത്തിൽ നിന്നും യാത്രയായി..

രാജാമാതാ അങ്ങേയറ്റം വ്യസനിച്ചു... ചെറുമക്കൾ വിട്ടു പോയി... രാജാവും ഒരുപാട് വേദനിച്ചു...

പക്ഷെ.. സ്വകാര്യജീവിതത്തിലെ വിള്ളലുകൾ പുറത്തറിയാതെ മൂടി വെയ്ക്കുക അത്ര എളുപ്പം ആയിരുന്നില്ലാ.... പലയിടത്തും പലരീതിയിൽ സംസാരം ഉയർന്നു... 

എന്നിരുന്നാലും.... അദ്ദേഹം രാജ്യത്തെ ബാധിച്ചിരിക്കുന്ന വിപത്തു തുടച്ചു നീക്കുന്നതിൽ  കൂടുതൽ ശ്രെദ്ധിച്ചു .... 

എല്ലായിടത്തും അദ്ദേഹത്തിന്റെ ശ്രെദ്ധ എത്തിക്കൊണ്ടിരുന്നു... ദിനംപ്രതി രോഗികളുടെ എണ്ണം കൂടി... ജനങ്ങൾ വീടിനു പുറത്തിറങ്ങാതെ  ഇരുന്നാൽ കുറെയൊക്കെ രോഗം നിയന്ത്രിക്കാൻ കഴിയുമെന്ന അറിവ് ഏറെക്കുറെ ആശ്വാസം നൽകിയെങ്കിലും അതും ധിക്കരിക്കാൻ കുറെ  പേർ ഉണ്ടായിരുന്നു... 

ഇതിനെല്ലാം പുറമെ ശത്രുരാജ്യക്കാർ ആക്രമിക്കാൻ തക്കം പാർത്തിരുന്നു...

കൊട്ടാരത്തിലെ ജോലിക്കാർക്കും വ്യാധി പിടിപെടാൻ ആരംഭിച്ചു...

ആകെമൊത്തം അങ്കലാപ്പിൽ പെട്ട് രാജ്യം ദാരുണമായ സാഹചര്യത്തിലേക്കു കൂപ്പുകുത്തി..

എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമേനോ അറിഞ്ഞൂടാത്ത അവസ്ഥ... നേരിടുക അല്ലാതെ വേറെ മാർഗം ഇല്ലാ... 

രാജ്യം മുഴുവൻ ആ മഹാമാരിക്കു മുന്നിൽ നിസ്സഹായതയോടെ നിരാലംബത്തെയോടെ തല കുമ്പിട്ടു നിന്നു ....

മരണനിരക്ക് കൂടി കൂടി വന്നു... രോഗം ഭേദമായവർക്കു വീണ്ടും വരാൻ തുടങ്ങി.. 

അവസാനം അതും സംഭവിച്ചു... 

രാജാവും രോഗബാധിതനായി  !!!!!

******************************************


രാജാവിന് പകർച്ചവ്യാധി... ഇനി എന്ത് ചെയ്യും??

രാജ ഗുരുവും, മഹാമന്ത്രിയും, കൊട്ടാരം വൈദ്യനും കൂടി ആലോചിച്ചു...

പുറത്താരും  ഈ കാര്യം അറിയാൻ പാടില്ലാ.. രാജ ഗുരു നിർദ്ദേശിച്ചു...

പക്ഷെ എങ്ങനെ... മഹാമന്ത്രിക്കു ഒരു  എത്തും പിടിയും കിട്ടിയില്ല.. 

നടപ്പിലാക്കിയേ  തീരു... പുറത്തു ആരെങ്കിലും അറിഞ്ഞാ പിന്നെ രാജ്യത്തിന്റെ സന്തുലിതാവസ്‌ഥ തകിടം മറിയാൻ ഇതിൽ കൂടുതൽ എന്താണ് ആവശ്യം... പോരാത്തതിന് ചീനാകാർ ആക്രമിക്കാൻ തക്കം പാർത്തു നിൽക്കുന്നു... ഈ സമയത്തു ഇതല്ലാതെ വേറെ വഴിയില്ല...

പക്ഷെ.. രാജാവിന് എന്തെല്ലാം ഉത്തരവാദിത്തങ്ങൾ ഉണ്ട്... എവിടെ എല്ലാം പോകാൻ ഉണ്ട്... ആരെയെല്ലാം കാണാൻ ഉണ്ട്... ഇതൊന്നും നടക്കാതെ ഇരിക്കുമ്പോ രാജാവിന് എന്ത് പറ്റിയെന്നു എല്ലാവരും അന്വേഷിക്കില്ലേ... എന്ത് മറുപടി കൊടുക്കും... 

അതിനുള്ള മറുപടി ആയി കൊട്ടാരം വൈദ്യൻ പറഞ്ഞു... 

രാജാവ് അതീവസമ്മർദ്ദത്തിൽ ആയതിനാൽ കൊട്ടാരം വൈദ്യന്റെ നിർദേശപ്രകാരം ഒരു പ്രതേക  ചികിത്സയിൽ ആണെന്ന് പറയാം... തത്കാലം അത് കൊണ്ട് മുന്നോട്ട് പോകാം.. ആ സമയം കൊണ്ട് രാജാവിന്റെ വ്യാധി മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കാം...

തത്കാലം അങ്ങനെ തീരുമാനിച്ചു അവർ പിരിഞ്ഞു...

പക്ഷെ... വിചാരിച്ചതു പോലെ രാജാവിന്റെ ദീനം മാറിയില്ല എന്ന് മാത്രമല്ല ... മൂർച്ഛിക്കുകകൂടി ചെയ്‌തു... 

രാജാവിനെ പരിചരിക്കാൻ അതീവരഹസ്യമായി കൊണ്ടുനിർത്തിയ ദാസൻ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് രോഗം പകർന്നു കിട്ടി മരിക്കുക കൂടി ചെയ്തപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോയി തുടങ്ങി... 

രാജാവിന്റെ രോഗം പുറത്തറിഞ്ഞു... രാജ്യത്തു അങ്ങിങ്ങു  പ്രേതിഷേധങ്ങൾ ഉയർന്നു... 

എന്ത് ചെയ്യണം എന്നറിയാതെ മഹാമന്ത്രി രാജ ഗുരുവിനെ സമീപിച്ചു...

അദ്ദേഹം ചിന്താകുഴപ്പത്തിൽ ആയി... കുറെ നേരത്തെ ആലോചനക്ക് ശേഷം അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു... 

ഒരു വഴിയുണ്ട്...ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇതല്ലാതെ വേറെ വഴിയില്ല...

മഹാമന്ത്രി അദ്ദേഹം വഴി  പറയുന്നതും കാത്തു ഉരിയാടാതെ നിന്ന്... 

 മഹാരാജാവ് പൊന്നുതമ്പുരാന്റെ കാലത്തു ഒരു പണ്ഡിതൻ ഉണ്ടായിരുന്നു... വെറും പണ്ഡിതൻ അല്ല... ത്രിലോകജ്ഞാനി... അദ്ദേഹം പ്രവചിച്ചതെല്ലാം അക്ഷരം പ്രതി നടന്നിട്ടുണ്ട്... തമ്പുരാൻ നാടുനീങ്ങിയപ്പോൾ അദ്ദേഹം കൊട്ടാരം വിട്ടു... പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല.. അദ്ദേഹത്തെ വരുത്താം... ഇപ്പോഴത്തെ അവസ്ഥ പറഞ്ഞാൽ പ്രതിവിധി നിർദേശിക്കും... അത് പ്രകാരം മുന്നോട്ട് പോകാം... 

പുരോഗമനവാദിയായ മഹാമന്ത്രിക്കു പക്ഷെ അത് അനിയോജ്യമായ ഒന്നായി  തോന്നിയില്ല... രോഗം വന്ന ആളിനെ ശ്രെശ്രൂഷിച്ചു ഭേദമാകുന്നതിനു പകരം പണ്ഡിതന്നെ വരുത്തി പ്രശ്‌നം  നോക്കിക്കാം  എന്ന് പറയുന്നത് യുക്തി ഉള്ളവർക്ക് യോജിച്ചതാണോ ??  രാജ്യത്താകെമാനം പ്രതിസന്ധിയാണ്... 

എന്നിരുന്നാലും അദ്ദേഹം മറുത്തു ഒന്നും പറയാൻ നിന്നില്ല... സാഹചര്യം അതായി പോയില്ലേ... ഇപ്പൊ തർക്കിക്കാൻ ഉള്ള സമയം അല്ല... 

******************************************

അങ്ങനെ ആ പ്രതേക  സാഹചര്യത്തിൽ... ജ്ഞാനിയും പണ്ഡിതനും സർവോപരി ജ്യോതിഷശാസ്‌ത്രത്തിൽ അങ്ങേയറ്റം പ്രാവീണ്യം തെളിയിച്ചിട്ടുള്ളതുമായ ആ പ്രഗത്ഭൻ കൊട്ടാരത്തിൽ എത്തി.. 

കൊട്ടാരത്തിൽ അദ്ദേഹത്തിന് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുത്തു... യാത്രാക്ഷീണം മാറ്റി  അദ്ദേഹം രാജ ഗുരുവിനോടും മഹാമന്ത്രിയോടും സംസാരിച്ചു...

അവരുടെ ഭാഗത്തെ ആവലാതികളും, സംശയങ്ങളും, ആവശ്യങ്ങളും അദ്ദേഹം നിശബ്ദം കേട്ടു ....

കുറച്ചു സമയം കണ്ണുകൾ അടച്ചു അദ്ദേഹം ഒന്നും ഉരിയാടാതെ ഇരുന്നു... 

രാജ ഗുരുവും മഹാമന്ത്രിയും ക്ഷേമയോടെ അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു... 

അത് വരെ രഹസ്യമായി  സൂക്ഷിച്ചു വച്ചിരുന്ന ആ സത്യം അദ്ദേഹം അവരോട് പങ്കു വെച്ചു ..

*********************************************************************************

രാജാവ് ജനിച്ച സമയത്തു അദ്ദേഹത്തിന്റെ ജാതകം എഴുതിയത് താൻ ആണ്... അതിലെ കുറച്ചു കാര്യങ്ങൾ തനിക്കും മഹാരാജാവ് പൊന്നുതമ്പുരാനും മാത്രമേ അറിയൂ... രാജാമാതായ്ക്ക്‌  പോലും അത് അറിയില്ലാ...

രാജ്യത്തെ പകർച്ചവ്യാധി ...അത് വന്നത് പോലെ തന്നെ തിരിച്ചു പോകും... കുറച്ചു കാലതാമസം എടുക്കും... പക്ഷെ അത് സാരമാക്കേണ്ട ...

പക്ഷെ രാജാവിന്റെ കാര്യം.. 

ഇത് വരെ താൻ പ്രവചിച്ചത് പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം  മുന്നോട്ട് പോയത്... 

ഇന്ന പ്രായത്തിൽ മാറാരോഗം വന്നു കിടപ്പിൽ ആവുമെന്നും താൻ പ്രവചിച്ചിരുന്നു... അത് പ്രകാരം തന്നെയാണ് സംഭവിച്ചത്... 

അദ്ദേഹം സംസാരം നിർത്തി... ദൂരേക്ക് നോക്കി ചിന്താമഗ്നനായീ  കുറച്ചു നിമിഷങ്ങൾ നിന്നു ...

രാജാ ഗുരുവും മഹാമന്ത്രിയും ഉദ്ധെഗത്തോടെ അദ്ദേഹത്തിന്റെ ശബ്ദത്തിനായി കാത്തിരുന്നു...

ഇനി താൻ  പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങള്ക്ക് മുഖവിലക്കെടുക്കാം അല്ലെങ്കിൽ തള്ളിക്കളയാം... 

രാജാവിന്റെ രോഗം ഭേദമാവാൻ, അദ്ദേഹത്തെ പഴയതു പോലെ മടക്കി കൊണ്ട് വരാൻ ... അതിനു വേണ്ടി മാത്രം ജനിച്ച ഒരു ആത്‌മാവ്‌ ഉണ്ട്... ആ ആത്‌മാവ്‌ വി‌ചാരിച്ചാൽ മാത്രമേ രാജാവ് തിരിച്ചു ജീവിതത്തിലേക്ക്  മടങ്ങി വരുള്ളൂ... അല്ലാത്ത പക്ഷം അദ്ദേഹം അകാല മൃത്യു വരിക്കും... 

രാജ ഗുരുവും മഹാമന്ത്രിയും ഞെട്ടലോടെ  പരസ്പരം നോക്കി...

 ആത്‌മാവ്‌ എന്നൊക്കെ പറഞ്ഞാ ... അവിടുന്ന് ഒന്ന് തെളിച്ചു പറഞ്ഞാലും...

ഒരു സ്ത്രീജന്മം... അത് തന്നെയാ ആത്‌മാവ്‌ എന്ന് കൊണ്ട് ഉദേശിച്ചത്‌.. അത് കൊണ്ടാ പുരുഷനെ കൊണ്ട് വന്നു നിർത്തിയപ്പോ മൃത്യു സംഭവിച്ചത്...

രാജ ഗുരു അദ്ദേഹത്തിന്റെ ഓരോ വാക്കുകളും വളരെ ഭക്തിയോടെ കേട്ട് കൊണ്ട് നിന്ന്... പക്ഷെ മഹാമന്ത്രിക്കു ഇതൊന്നും അത്ര തൃപ്തി ആയില്ല... 

ഒരു സ്ത്രീയെ കൊണ്ട് വന്നു നിർത്തിയാൽ രോഗം ഭേദമാകുമോ.. എന്തൊരു അസംബദ്ധമാണ് ...

പണ്ഡിതൻ അത് മനസിലാക്കിയത് പോലെ മഹാമന്ത്രിയോട് പറഞ്ഞു... 

ഇതിലൊന്നും വിശ്വാസം ഇല്ലാത്ത ആളാണ് അല്ലെ...സാരയില്ല ... നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം.. പച്ച പരമാർത്ഥം...
താൻ ഇത് അന്ന് മഹാരാജാവ് പൊന്നു തമ്പുരാനോട് ഉണർത്തിച്ചപ്പോ അദ്ദേഹം വിചാരിച്ചു രാജാവിന്റെ വേളിയെ കുറിച്ചായിരിക്കും പറയുന്നതെന്ന്... പക്ഷെ തനിക്കു അറിയാമായിരുന്നു ഈ സമയത്തു രാജാവിന്റെ വേളി ഒപ്പം ഉണ്ടാവില്ലാന്... അത് പക്ഷെ താൻ അദ്ദേഹത്തിന്റെ അടുത്ത് പറഞ്ഞില്ലാന് മാത്രം....

അപ്പൊ ഇനി... ആ സ്ത്രീയെ കൊട്ടാരത്തിലേക്കു കൂട്ടി കൊണ്ട് വന്നാൽ രാജാവ് രക്ഷപെടും ... അതല്ലേ അവിടുന്ന് പറഞ്ഞു വരുന്നത്... 

അല്ല.. കൂട്ടി കൊണ്ട് വന്നിട്ട് കാര്യമില്ല്യാ... സ്വമനസ്സാലെ വരണം.. എന്നാലേ പ്രയോജനം ഉള്ളു...

അല്ല ... അത്... എപ്പോ... എങ്ങനെ .... ആര്... ഒന്നും അറിയാതെ...

അതോർത്തു വ്യാകുലപ്പെടേണ്ടതില്ല്യാ... ആളെ കാണുമ്പോ തനിക്കു മനസിലാവും..

ഉവ്വ്... പക്ഷെ... ആൾ വരാൻ എന്തെങ്കിലും ഉപാധി... 

രാജ്യമൊട്ടാകെ ഒരു വിളംബരം  കൊടുക്കുക... രാജാവിനെ പരിചരിക്കാൻ ഇത്ര മുതൽ ഇത്ര വരെ പ്രായമുള്ള സ്ത്രീകളെ ആവശ്യം ഉണ്ട്... എത്രയും പെട്ടെന്ന്  കൊട്ടാരത്തിൽ എത്തണം...

വിളംബരം കൊടുത്തിട്ടും ആൾ വന്നില്ലെങ്കിൽ... 

വരും... വന്നേ തീരു... അതങ്ങനെയാണ്...

രാജ ഗുരുവും മഹാമന്ത്രിയും അദ്ദേഹത്തെ താണു വണങ്ങി... അദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കാനായി അനുമതി നേടി  ഇറങ്ങി... 

ആ മാഹാത്മാവ് കണ്ണുകൾ അടച്ചു ധ്യാനനിരതനായി ഇരുന്നു... 

വരും...വരണം... 

കാരണം...വരാതെ ഇരിക്കാൻ ആ ആത്‌മാവിന് കഴിയില്ലാ... 

( തുടരും)...
























 





Tuesday, July 28, 2020

രാജാവിനെ സ്നേഹിച്ച ദാസി പെണ്ണ് പാർട്ട് 3 




പിറ്റേ ദിവസം രാവിലെ  അവൾ കിടക്കയിൽ നിന്നു എണീക്കാൻ കൂട്ടാക്കീലാ... അങ്ങനെയേ  കിടന്നു...

താൻ ഇന്നലെ രാത്രി ഉറങ്ങിയായിരുന്നോ... അറിയില്ലാ.... 

മനസിലെ  ഭാരം... അത് കൂടുന്നതല്ലാതെ കുറയുന്നില്ല...ആകെമൊത്തം ഇരുട്ടായതു പോലെ...

ഒന്നും ചെയാൻ തോന്നുന്നില്ല.. അല്ലെങ്കി തന്നെ ഇപ്പൊ എന്തെങ്കിലും ചെയ്തിട്ട് എന്തിനാ.. ആർക്കു വേണ്ടിയാ..

ഏറെ നേരമായിട്ടും അവൾ എണീക്കാതെ വന്നപ്പോൾ അമ്മമ്മ  പിന്നിൽ വന്നു ആരാഞ്ഞു......

"എന്തേ പറ്റിയെ ?? കുട്ടി  എന്താ എണീക്കാത്തെ?? പണിക്കു പോണില്ലേ ??"

'ഇല്ലാ'... അവൾ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു... 

"സുഖമില്ലേ??".. അമ്മമ്മ വിടാൻ ഭാവമില്ല.. അവളുടെ അടുക്കൽ വന്നു നെറ്റിയിലും കഴുത്തിലും ഒക്കെ കൈ വെച്ച് നോക്കി... 
" ചൂടൊന്നും ഇല്ലാ"... 

'ഒരു മേലുകാച്ചില് പോല്ലേ'... അവൾ എങ്ങും തൊടാതെ പറഞ്ഞു...

'എന്നാ ഇന്ന് വിശ്രമിക്കു... കാര്യക്കാരനോട് പറഞ്ഞോ??'... അമ്മമ്മ വക അന്വേഷണം...

കൊട്ടാരത്തിലെ പണിയൊക്കെ നിശ്ചയിച്ചു ഓരോരുത്തരെ  കൊണ്ട് ചെയ്യിച്ചു അവരുടെ മേൽനോട്ടം വഹിക്കുന്ന ആളാണ് കാര്യക്കാരൻ ....

'ഇല്ലാ'... നിസ്സംഗഭാവത്തിൽ അവളുടെ മറുപടി...

'സാരയില്ലാ... ഞാൻ പോകുന്ന വഴിക്കു പറഞ്ഞോല്ലാം... ഇന്ന് വിശ്രമിച്ചോ... കഴിക്കാനുള്ളത് മൂടി വെച്ചിട്ടുണ്ട്...ഞാൻ പറ്റുവാണെങ്കി നേരത്തെ വരാൻ നോക്കാം'... അമ്മമ്മ ഇറങ്ങാൻ നേരം പറഞ്ഞു...

'വേണ്ടാ... കുറച്ചു കിടന്നാ ശെരിയായി കൊള്ളും'..

ശെരി എന്ന മട്ടിൽ തലയാട്ടി അമ്മമ്മ ജോലിക്കു പോയി.. വീട്ടിലെ ഓരോരുത്തരായീ അവരവരുടെ  കാര്യം അന്വേഷിച്ചു പോയി... 

അവൾ വീട്ടിൽ തനിച്ചായീ... 

എന്തൊരു ശൂന്യത.. 

താൻ ഇനി എന്തിന്നു... തനിക്കു ഇനി എന്ത്... 

എല്ലാം തീർന്നില്ലേ... 

ഇത്രയും കാലവും മനസ്സിൽ കൊണ്ട് നടന്നു... എന്തിന്നു വേണ്ടി ആയിരുന്നു... ആർക്കു വേണ്ടി ആയിരുന്നു... 

താൻ ഒരു പൊട്ടി... ഇത്രയും സ്നേഹിച്ചിട്ടു അവസാനം... 

അവൾ സ്വയം നിയന്ത്രിക്കാൻ ആവാതെ പൊട്ടി കരഞ്ഞു... 

എത്ര നേരം കരഞ്ഞു എന്ന് അവൾക്കു നിശ്ചയമില്ല... 

കരഞ്ഞു കരഞ്ഞു ഒടുവിൽ അവൾ തളർന്നു... 

എന്നിട്ടും സങ്കടം തീരുന്നില്ല.. 

അവൾ എണീറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... 

ലോകത്തോട് മുഴുവൻ അവൾക്കു ദേഷ്യവും വാശിയും തോന്നി... 

ദൈവം തന്നെ കൈവിട്ടു... 

അതിനു ദൈവം ഇല്ലല്ലോ... ഉണ്ടായിരുന്നെങ്കി തനിക്കു ഇങ്ങനെ സംഭവിക്കുമോ ??

ആർക്കും ഒരു ദ്രോഹവും ചെയാതെ മാന്യമായീ ജീവിക്കുന്ന ആൾക്കാരുടെ കൂടെ നിൽക്കാതെ അവരുടെ ഉള്ളു പൊള്ളുമ്പോ നോക്കി നിന്ന് രസിക്കുന്നതിന്നെ ഒക്കെ എങ്ങനെ ദൈവംന്നു വിളിക്കും... അത് ചെകുത്താനാണ്...

കൊട്ടാരത്തിലേക്കു പണിക്കു പോകണ്ടായിരുന്നു... അതെല്ലേ... ഇങ്ങനെ ഒക്കെ സംഭവിക്കാൻ കാരണം.. 

ഏറെ  നേരം അവൾ വെറും തറയിലെ തണുപ്പിൽ കിടന്നു... 

ഇപ്പൊ അങ്ങ് മരിച്ചു പോയിരുന്നെങ്കി... ഈ സങ്കടകടലിൽ  നിന്ന് മോചനം കിട്ടിയിരുന്നെങ്കിൽ.. ... 

അവളുടെ കണ്ണിൽ നിന്ന് ജലകണങ്ങൾ ധാരധാരയായി ഒഴുകി...

ഇത് എന്തൊരു വിധിയാണ്..... 

ഇതിൽ നിന്ന് താൻ ഇനി ഒരിക്കലും കര കേറില്ലേ....

ഇതിനു വേണ്ടി ആണോ താൻ ഇത്രയും നാൾ അദ്ദേഹത്തെ സ്നേഹിച്ചത്...

ഇത്ര മാത്രം താൻ അദ്ദേഹത്തെ സ്നേഹിച്ചിരുന്നുവോ?? 

അല്ലാതെ ഇത്രയും വിഷമം വരില്ലല്ലോ...

സ്നേഹമോ?? 

ഇതാണോ സ്നേഹം? 

അവൾ സ്വയം ചോദിച്ചു...

സ്നേഹിക്കുന്ന ആളുടെ ജീവിതത്തിൽ ഒരു നല്ല കാര്യം നടക്കാൻ പോകുമ്പോ ഇങ്ങനെ ആണോ വേണ്ടത്?? 

താൻ പിന്നെ എന്താ വിചാരിച്ചതു... 

തൻ്റെ മനസ് കണ്ടറിഞ്ഞു രാജാവ് വന്നു, തന്നെ വേളി കഴിച്ചു കൂടെ കൂട്ടുംന്നോ ...

ഉവ്വോ... അതാണോ.... താൻ ആഗ്രഹിച്ചത്... പ്രേതീക്ഷിച്ചതു ... സ്വപ്നം കണ്ടത്...

അതോ ... ഇത് പോലെ എന്നും മുന്നോട്ട് പോകുംനോ ...

എന്തായിരുന്നു തൻ്റെ മനസ്സിൽ ?? 

താൻ സ്നേഹിക്കുന്ന ആളിന്റെ നന്മ... അവരുടെ സന്തോഷം... ആരോഗ്യം... സമാധാനം... ദീർഘായുസ്സു... 

ഇതൊക്കെ ആഗ്രഹിച്ചാൽ... അതിന്നു വേണ്ടി പ്രാർത്ഥിച്ചാൽ ...അംഗീകരിക്കാം...

അല്ലാതെ... അവർ തന്നെ തിരിച്ചു സ്നേഹിക്കണം... താൻ ആഗ്രഹിക്കുന്നത് പോലെ ഒക്കെ തന്റെ അടുത്ത്  പെരുമാറണം.. തന്നെ സന്തോഷിപ്പിക്കണം... എന്നൊക്കെ വിചാരിക്കാൻ പാടുണ്ടോ?? 

സ്നേഹിക്കുന്ന ആളിന്റെ അടുത്ത് ഇങ്ങനെ ഉള്ള വ്യവസ്ഥകൾ വെയ്ക്കാൻ കൊള്ളുമോ ?? 

ഇതാണോ സ്നേഹം???

മേടിക്കൽ ആണോ സ്നേഹം?? കൊടുക്കൽ അല്ലെ??

സ്നേഹത്തെ കുറിച്ച് മുൻപ് വിശുദ്ധ പുസ്തകത്തിൽ  വായിച്ചത് ഓർക്കുന്നില്ലേ...

"സ്നേഹം ക്ഷമ ആണ് ... 
ദയ ആണ്. 
അത് അസൂയപ്പെടുന്നില്ല, 
പ്രശംസിക്കുന്നില്ല, 
അഭിമാനിക്കുന്നില്ല.

അത്  പരുഷമല്ല, 
അത് സ്വയം അന്വേഷിക്കുന്നതല്ല,
എളുപ്പത്തിൽ ദേഷ്യം പിടിപ്പിക്കുന്നില്ല,
 തെറ്റുകളുടെ ഒരു രേഖയും സൂക്ഷിക്കുന്നില്ല.

അത്  തിന്മയിൽ ആനന്ദിക്കുന്നില്ല, 
മറിച്ച് സത്യത്തിൽ സന്തോഷിക്കുന്നു.

അത്  എല്ലായ്പ്പോഴും പരിരക്ഷിക്കുന്നു, എല്ലായ്പ്പോഴും വിശ്വസിക്കുന്നു, 
എല്ലായ്പ്പോഴും പ്രതീക്ഷിക്കുന്നു,
എല്ലായ്പ്പോഴും സ്ഥിരോത്സാഹം കാണിക്കുന്നു.

സ്നേഹം.... 
അത്  ഒരിക്കലും പരാജയപ്പെടുന്നില്ല... "

താൻ അതിൽ ഉറച്ചു വിശ്വസിക്കുന്നു എങ്കിൽ ... 

രാജാവിനോട് തനിക്കു ഉള്ളത് ഒരു കറയും  ഇല്ലാത്ത സ്നേഹം തന്നെ ആണെങ്കിൽ ....

അദ്ദേഹത്തെ ആഗ്രഹിക്കാൻ പാടില്ലാ..
മോഹിക്കാൻ പാടില്ലാ... സ്വന്തം ആവണം എന്ന് സ്വപ്നം കാണാൻ പാടില്ലാ... 
ഒന്നും പ്രേതീക്ഷിക്കാൻ പാടില്ലാ...

നിർലോഭമായി... നിസ്വാർത്ഥമായി ... 
അദ്ദേഹത്തെ സ്നേഹിച്ചു ജീവിക്കാൻ തയ്‌യാറാണോ??

അവൾക്കു മറുപടി ഉണ്ടായിരുന്നില്ല... 

താൻ.... ഒരു സാധാരണ പെണ്ണാണ്... 

തന്നെ കൊണ്ട് ഇതൊക്കെ സാധിക്കുമോ?? എത്ര ആയാലും മനുഷ്യ ജൻമം അല്ലെ.. ആഗ്രഹിക്കാതെ... മോഹിക്കാതെ... സ്വപ്നം കാണാതെ ... ജീവിക്കാൻ പറ്റുമോ??

അത്രക്കുള്ള ശക്തി തനിക്കു ഉണ്ടോ?? 

സാധിക്കും... 

സ്നേഹത്തിന്റെ ശക്തി അത്ര വലുതാണ്.. 

പറയാൻ എന്തെളുപ്പം ... പക്ഷെ...

ശ്രെമിക്കണം..

എന്തും ഒരു പ്രാവശ്യം ശ്രെമിച്ചു നോക്കണം... എന്നിട്ടേ ഒരു നിഗമനത്തിൽ എത്താൻ പാടുള്ളു...

----------------------------------------------------------

പിറ്റേ ദിവസം മുതൽ അവൾ ജോലിക്കു പോയി തുടങ്ങി.. 

മനസിന്റെ കാലുഷ്യം പുറത്തു കാണിക്കാതെ അവൾ ജോലി ഒക്കെ ആവും വിധം ചെയാൻ ശ്രെമിച്ചു...

പക്ഷെ കഴിയുന്നില്ല... 

രാജാവിനെ ഒരു നോക്ക് കാണാൻ അവളുടെ ഉള്ളു വെമ്പി... 

വല്ലപ്പോഴും ഒരിക്കൽ രാജാവിൻനെ കാണാൻ പറ്റിയാലോ... പിന്നെ.. നഷ്ടപ്പെട്ടതിന്റെ സങ്കടം.. 

കാണാൻ പറ്റിയില്ലെങ്കി... കാണാൻ പറ്റാത്തതിന്റെ ഖേദം...

ജോലിയിൽ ഉള്ള അവളുടെ ശ്രെദ്ധ കുറഞ്ഞു...

ആദ്യകാലത്തു നന്നായി പണിയെടുത്തത്തു  കാരണം അവൾക്കു കാര്യക്കാരൻ അധിക ചുമതല ഏർപെടുത്തിയായിരുന്നു... 

അതൊക്കെ.. അത്യധികം കാര്യപ്രാപ്തിയോടെ അവൾ ചെയ്തു വന്നതും ആയിരുന്നു...

അതെപ്പോഴും അങ്ങനെ ആണല്ലോ... പണി നന്നായി ചെയ്‌താൽ... എപ്പോഴും പണി കിട്ടികൊണ്ടിരിക്കും...

അല്ലാത്തവർ സുഖിച്ചു ഇരിക്കും...

പക്ഷെ... രാജാവിന്റെ വേളിയുടെ കാര്യം അറിഞ്ഞത് മുതൽ ... അവൾ ജോലിയിൽ താല്പര്യം ഇല്ലാത്തതു പോലെ പെരുമാറാൻ തുടങ്ങി... 

ഇനി ഇതൊക്കെ ചെയ്തിട്ട് എന്തിനാ എന്ന ഭാവം...

കൊട്ടാരത്തിൽ കൂടെ ജോലി ചെയ്യുന്നവർ തന്നെ ഒറ്റപ്പെടുത്തുന്നു പോലെ... 

തന്നെ എല്ലാവരും മാറ്റി  നിർത്തുന്നത് പോലെ... 

തനിക്കു ആരും ഇല്ലാത്തതു പോലെ..

കൊട്ടാരത്തിൽ പോകാൻ പോലും പിന്നെ അവൾക്കു മടി ആയി.. 

പക്ഷെ... കൊട്ടാരത്തിൽ പോയില്ലങ്കിൽ എങ്ങനെ രാജാവിനെ കാണും...

അതിനെ വേണ്ടി  മാത്രം അവൾ പോയി... പക്ഷെ ജോലി കാര്യത്തിൽ അവൾ ഉഴപ്പി...

ദിവസം ചെല്ലുംതോറും അവൾക്കു സങ്കടം ഏറി വന്നു... 

ഒരു കൂട്ടുക്കാരിയുണ്ടായിരുനെങ്ങിൽ ഇതൊക്കെ പറഞ്ഞു പങ്കു വെയ്ക്കാമായിരുന്നു... 

പക്ഷെ... തനിക്കു അതും ഇല്ലാ... 

ആരോടും ഒന്നും പറയാൻ പറ്റാതെ ... എല്ലാം ഉള്ളിൽ അടക്കി വെച്ച് ... വിഷാദരോഗത്തിന്റെ ആഴമില്ലാ കയങ്ങളില്ലേക്ക് അവൾ മുങ്ങാകുഴിയിടാൻ തുടങ്ങി... 

നെഞ്ചു പൊട്ടുന്ന വേദനയിൽ അവൾ ആ തീരുമാനം എടുത്തു....

കൊട്ടാരത്തിലെ ജോലി ഉപേക്ഷിക്കുക.. 

ജോലി ഉപേക്ഷിക്കാനോ... വിഡ്ഢിത്തം ചിന്തിക്കാതെ...

ഇത്രയും നല്ല ജോലി... അതും രാജ കൊട്ടാരത്തിൽ... ശമ്പളം... ആനുകൂല്യങ്ങൾ... ഭാവിയെ പറ്റി ആകുലപ്പെടേണ്ടതില്ലാ..നല്ലതു പോലെ ജോലി ചെയ്‌താൽ സ്ഥാനകേറ്റം... അങ്ങനെ എന്തെല്ലാം...

ശെരിയാണ്...എല്ലാം ശെരിയാണ്..

പക്ഷെ വയ്യ... ഇങ്ങനെ നീറി നീറി കഴിയാൻ... എന്തൊരു ശ്വാസം മുട്ടലാണ്..

ഇവിടം വിട്ടാൽ.... മറന്നാലോ ... മനസ്സീന്നു മാഞ്ഞാലോ...


മറക്കാനോ... തനിക്കു മറക്കണ്ട... മനസ്സീന്നു മായിച്ചു കളയണ്ട... 

എന്തായാലും ജോലി വിടാം.. ഇനി ഇവിടെ വയ്യ...

 രണ്ടും കല്പിച്ചു അവൾ  വീട്ടിൽ  കാര്യം പറഞ്ഞു... 

താൻ കൊട്ടാരത്തിലെ ജോലി വിടാൻ ആലോചിക്കുകയാണ്..

വീട്ടിൽ അന്ന് നടന്ന കോലാഹങ്ങൾ .... എല്ലാവരും  അവളെ വഴക്കു പറഞ്ഞു... ശകാരിച്ചു... അവൾക്കു അഹമ്മതി ആണ്... അവൾ നിഷേധി ആണ്... കൊട്ടാരത്തിലെ ജോലി വിടണം പോലും... 

പക്ഷെ... തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ അവൾ തയ്‌യാറായിരുന്നില്ല... 

അവസാനം വീട്ടുകാർ  പറഞ്ഞു... 

ശെരി... കൊട്ടാരത്തിലെ ജോലി പറ്റില്ലെങ്കി വേണ്ട... പക്ഷെ.. മറ്റൊരു ജോലി കിട്ടിയിട്ട് ഇത് വിട്ടാൽ മതി... അല്ലാതെ ... ജോലി ഇല്ലാതെ വെറുതെ വീട്ടിൽ നിൽക്കാൻ പറ്റില്ല... 

അവൾ സമ്മതിച്ചു... 

ജോലി അന്വേഷിക്കുന്നവർ പേര്  വിവരങ്ങൾ കൊടുത്തു അപേഷിക്കേണ്ട സ്ഥലത്തു അവൾ ചെന്നു... നടപടിക്രെമങ്ങൾ പൂർത്തിയാക്കി... 

പുതിയ ഒഴിവുകൾ വരുമ്പോൾ അറിയിക്കാം എന്ന് ഉറപ്പിൽ അവർ അവളെ തിരിച്ചയച്ചു...

വീണ്ടും ... കൊട്ടാരത്തിലേക്കു...

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി... ഈ സമയമത്രയും   അവൾ അനുഭവിച്ച    മാനസിക വ്യഥ എത്രത്തോളും ആണെന്ന് ആർക്കും മനസിലായില്ല.. 

അങ്ങനെ ഇരിക്കെ അവൾക്കു അറിയിപ്പ് വന്നു... ഒരിടത്തു ഒരു ജോലി ഒഴിവ് വന്നിട്ടുണ്ട്... ഇന്ന ദിവസം അഭിമുഖത്തിൽ പങ്കെടുക്കണം... 

അഭിമുഖദിവസം അവൾ കൊട്ടാരത്തിൽ നിന്ന് അവധി എടുത്തു.. 

അഭിമുഖത്തിൽ പങ്കെടുത്തു... ജോലി ഏതാണ്ട് ശെരിയായ മട്ടായി... വീണ്ടും താൻ ഒരു തുടക്ക കാരിയാവുകയാണ്... ഇപ്പൊ കിട്ടുന്നതിന്റെ പകുതി ശമ്പളം തരാമെന്നു അവർ പറഞ്ഞു... സമ്മതിക്കാതെ അവൾക്കു നിർവാഹം ഇല്ലായിരുന്നു...

എന്ത് വന്നാലും കൊട്ടാരത്തിൽ നിന്ന് ഇറങ്ങണം... അതിന്നു ഒരു മാറ്റവുമില്ല...

അങ്ങനെ അവൾ കൊട്ടാരത്തിലെ ജോലി വിടുന്ന കാര്യം കാര്യക്കാരനെ അറിയിച്ചു... 

രാജിക്കത്തു  നൽകി... 

ഇന്ന് കൊട്ടാരത്തിൽ തൻ്റെ  അവസാന ദിവസം ആണ്... അവൾ വേദനയോടെ ഓർത്തു...

 ഇനി ഒരിക്കലും  താൻ ഇങ്ങോട്ടേക്കില്ല.. ഇനി ഒരിക്കലും താൻ തൻ്റെ രാജാവിനെ കാണില്ല.. 

ഇവിടം കൊണ്ട് അവസാനിക്കുകയാണ്... എല്ലാം..

വൈകുന്നേരം... പണി കഴിഞ്ഞു  എല്ലാവരും വീട്ടിലിലേക്കു പോകുകയായിരുന്നു... 

അവളും ആ കൂട്ടത്തിൽ നടക്കുകയായിരുന്നു... 

പെട്ടെന്നു  ആരോ പറഞ്ഞു... 

" ദേ... രാജാവ് പോകുന്നു"... 

ഒരു നിമിഷം... അവൾ ആരോ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് നോക്കി... 

അതെ രാജാവ്... തൻ്റെ രാജാവ്... 

അദ്ദേഹത്തിന്റെ കുതിരപ്പുറത്തു... എല്ലാ പ്രൗഢിയോടും കൂടി ...

ഒരു മിന്നായം പോലെ അവൾ കണ്ടു...

ഇനി ഒരിക്കലും  ആ തിരുമുഖം ദർശിക്കാവുന്ന ഉള്ള ഭാഗ്യം തനിക്കു ഇല്ലാതെ പോയല്ലോ ...

നിറഞ്ഞു തുളുമ്പിയ കണ്ണുകൾ  ആരും കാണാതെ അവൾ തുടച്ചു.. 

ഹൃദയത്തിൽ ഒരു ആയിരം ചാട്ടവാറടി ഏറ്റതു പോലെ അവൾ സാവധാനം കൊട്ടാരത്തിന്റെ പടിക്കെട്ടുകൾ ഇറങ്ങി...  

എന്നന്നേക്കുമായി 


------------------------------------------------------------------------------------------------------------------------

 ആരുടേയും അനുവാദത്തിന്നു കാത്തു നിൽക്കാതെ കാലചക്രം അതിൻ്റെ പാട്ടിനു തിരിഞ്ഞു കൊണ്ടിരിന്നു... 

ദിവസങ്ങൾ, ആഴച്ചകൾ, മാസങ്ങൾ, വർഷങ്ങൾ ... 

ശരത്കാലത്തെ വൃക്ഷത്തിന്റെ ഇലകൾ പോലെ അവ കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു...

പ്രായോഗിക ജീവിതത്തിന്റെ അടിയൊഴുക്കിൽ പെട്ട് ഏവരും മുങ്ങിത്താണു.. 

-----------------------------------------------------------

പുതിയ വർഷം വരവായി... 

ലോകമെങ്ങും പ്രേതീക്ഷയോടും സ്വപ്നങ്ങളോടും കൂടി  കാത്തിരുന്ന ആ വർഷം ...

മഹാത്ഭുതങ്ങൾ സംഭവിക്കുമെന്ന് മഹാന്മാർ പ്രവചിച്ച ആ വർഷം ....

ഏവരും  ആ വർഷത്തെ വരവേൽക്കാനുള്ള തയ്‌യാറെടുപ്പിൽ ആയിരുന്നു...

അപ്പോഴാണ്... ലോകം മുഴുവൻ കീഴ്‌മേൽ മറിക്കുവാൻ .... രംഗബോധം ലവലേശവും തൊട്ടു തീണ്ടിയിട്ടില്ലാത്ത  ഒരു കോമാളിയെ പോലെ ആ മഹാവിപത്തു സംജാതമായത് ....

( തുടരും )... 

( അടുത്ത പാർട്ട് കുറച്ചു ദിവസങ്ങള്ക്കു ശേഷം... ക്ഷമയോട് സഹകരിക്കുക )...